ad
Deshabhimani

യാത്രക്കാർ കുറഞ്ഞു, ഇന്ധനവിലയും കുതിക്കുന്നു; ആറ് അന്താരാഷ്ട്ര റൂട്ടുകളിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ഇൻഡിഗോ

Indigo.jpg
വെബ് ഡെസ്ക്

Published on Jun 05, 2026, 09:46 AM | 1 min read

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോ ആറ് പ്രധാന അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുന്നു. വിമാന സർവീസുകളുടെ ശൃംഖല പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബജറ്റ് എയർലൈനായ ഇൻഡിഗോ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.


വരും മാസങ്ങളിൽ ഈ റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ പരമ്പരാഗതമായി ഉണ്ടാകുന്ന കുറവും കുതിച്ചുയരുന്ന പ്രവർത്തനച്ചെലവുമാണ് കടുത്ത തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചത്. ഹോങ്കോങ്, ഷാങ്ഹായ് (ചൈന), ലങ്കാവി (മലേഷ്യ), ക്രാബി (തായ്‌ലൻഡ്), ഹോ ചി മിൻ സിറ്റി (വിയറ്റ്നാം) എന്നീ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ ഒന്നു മുതൽ നിർത്തിവെക്കും.


കംബോഡിയയിലെ സീം റീപ്പിലേക്കുള്ള സർവീസുകൾ ജൂലൈ മൂന്ന് മുതലായിരിക്കും നിർത്തലാക്കുക. ഈ ആറ് നഗരങ്ങളിലേക്കുമുള്ള സർവീസ് വിലക്ക് സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കും. നിലവിലെ പ്രതിസന്ധികൾക്ക് അയവുണ്ടായാൽ ഒക്ടോബർ ഒന്നു മുതൽ ഈ റൂട്ടുകളിലേക്കുള്ള ബുക്കിങ് പുനരാരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.


പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ആഗോള വിപണിയിൽ വിമാന ഇന്ധന നിരക്കുകൾ കുത്തനെ ഉയർന്നത് ഇന്ത്യൻ വ്യോമയാന മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ഇൻഡിഗോ തങ്ങളുടെ ആഭ്യന്തര സർവീസുകളിൽ 5 മുതൽ 7 ശതമാനം വരെയും അന്താരാഷ്ട്ര സർവീസുകളിൽ 17 ശതമാനം വരെയും ശേഷി കുറയ്ക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.


എയർ ഇന്ത്യയും സമാനമായ രീതിയിൽ ഈ സീസണിൽ സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. താൽക്കാലിക തടസ്സങ്ങൾ ഉണ്ടെങ്കിലും, ആഴ്ചയിൽ 1800-ലധികം അന്താരാഷ്ട്ര സർവീസുകളുമായി തങ്ങളുടെ ഭൂരിഭാഗം വിദേശ സർവീസുകളും സുഗമമായി തുടരുമെന്ന് ഇൻഡിഗോ മാനേജ്‌മെന്റ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home