ബെംഗളൂരുവിൽ ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന് ടെയിൽ സ്ട്രൈക്ക്; ഡിജിസിഎ അന്വേഷണം

പ്രതീകാത്മക ചിത്രം
ബംഗളൂരു: ഗുവാഹത്തിയിൽ നിന്ന് ബംഗളൂരുവിലേക്ക് എത്തിയ ഇൻഡിഗോ വിമാനത്തിന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ടെയിൽ സ്ട്രൈക്ക്. ഞായറാഴ്ചയാണ് സംഭവം. ഇൻഡിഗോയുടെ 6E 6542 വിമാനമാണ് സംഭവത്തിൽപ്പെട്ടത്.
വിമാനങ്ങളുടെ ലാൻഡിംഗ് സമയത്തോ ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ എംപെനേജ് അല്ലെങ്കിൽ വാല് ഭാഗം നിലത്ത് തട്ടുന്നതിനെയാണ് 'ടെയിൽ സ്‌ട്രൈക്ക്' എന്ന് പറയുന്നത്.
ബെംഗളൂരുവിൽ ആദ്യ ലാൻഡിങ് ശ്രമത്തിനിടെ വിമാനം ഗോ-അറൗണ്ട് നടത്തിയിരുന്നു. തുടർന്ന് നടത്തിയ രണ്ടാം ലാൻഡിങ് ശ്രമത്തിനിടെയാണ് വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഇടിച്ചത്. എന്നാൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തിറങ്ങി.
ശക്തമായ കാറ്റിനിടെയാണ് ലാൻഡിങ്ങിനിടെ വിമാനത്തിന് ‘അബ്നോർമൽ റൺവേ കോൺടാക്ട്’ ഉണ്ടായതെന്ന് ഇൻഡിഗോ അറിയിച്ചു. സംഭവത്തിന് പിന്നാലെ വിമാനം സർവീസിൽ നിന്ന് മാറ്റി മെയിന്റനൻസ് പരിശോധനകൾ ആരംഭിച്ചു. ആവശ്യമായ അനുമതികൾ ലഭിച്ച ശേഷമേ വിമാനം വീണ്ടും സർവീസ് നടത്തുകയുള്ളൂ.
സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതായും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ഇൻഡിഗോ വ്യക്തമാക്കി. ബെംഗളൂരു–കോയമ്പത്തൂർ സർവീസിനായി പകരം വിമാനം ഏർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചില്ല.
അതേസമയം, വിമാനത്തിന് ടെയിൽ സ്ട്രൈക്ക് സംഭവിച്ച സാഹചര്യത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ലാൻഡിങ്ങിനിടെയുണ്ടായ അസാധാരണ റൺവേ സമ്പർക്കവുമാണ് അധികൃതർ പരിശോധിക്കുന്നത്.









0 comments