പവർ ബാങ്കിന് തീപിടിച്ചു; ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

തീപിടിത്തത്തെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി പുറത്തിറങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍
ചണ്ഡീഗഡ്: ഹൈദരാബാദിൽ നിന്ന് ചണ്ഡീഗഡിലേക്ക് എത്തിയ ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചതിനെത്തുടർന്ന് അടിയന്തര ഒഴിപ്പിക്കൽ നടത്തി. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയാണ് സംഭവം. തീപിടുത്തത്തെത്തുടർന്ന് വിമാനത്തിനുള്ളിൽ പുക നിറഞ്ഞത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. പരിക്കേറ്റ അഞ്ചോളം യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ടാണ് ഹൈദരാബാദിൽ നിന്നുള്ള ഇൻഡിഗോ 6E 108 വിമാനത്തിൽ അപകടമുണ്ടായത്. ലാൻഡിങിന് ശേഷം വിമാനം നിർത്തിയിട്ടിരുന്ന സമയത്താണ് യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന പവർ ബാങ്കിന് തീപിടിച്ചതെന്ന് ഇൻഡിഗോ അധികൃതർ സ്ഥിരീകരിച്ചു. സുരക്ഷ കണക്കിലെടുത്ത് യാത്രക്കാരെ ഉടൻ തന്നെ വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനത്തിൽ ആവശ്യമായ പരിശോധനകൾ നടത്തുമെന്നും എയർലൈൻ അറിയിച്ചു. യാത്രക്കാർ വിമാനത്തിന് പുറത്തേക്ക് ഓടിമാറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) 2026-ൽ പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് വിമാന യാത്രക്കിടയിൽ ഫോണോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല. കൂടാതെ, പവർ ബാങ്കുകളും സ്പെയർ ബാറ്ററികളും വിമാനത്തിലെ ഓവർഹെഡ് കമ്പാർട്ടുമെന്റുകളിൽ സൂക്ഷിക്കാനും അനുവാദമില്ല. ഇത്തരം സ്ഥലങ്ങളിൽ തീപിടുത്തമുണ്ടായാൽ അത് കണ്ടെത്താനും നിയന്ത്രിക്കാനും പ്രയാസമാണെന്നതിനാലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.










0 comments