നവി മുംബൈയില്‍ നിന്ന് 30 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

ഇൻഡിഗോ
ന്യൂഡൽഹി : നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 30 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. മാർച്ച് 29 മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിൽ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ റൂട്ടുകളുണ്ടാകുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്.
പുതിയ റൂട്ടുകൾ വരുന്നതോടെ നവി മുംബൈയിൽ നിന്ന് ആഴ്ചയിൽ 400ലധികം സർവീസുകളാണ് ഇൻഡിഗോ ലക്ഷ്യമിടുന്നത്. റൂട്ടുകൾ വരുന്നത് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ഏറെ ഗുണകരമാകും. യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ കണ്ണൂരിലേക്കും നവി മുംബൈയിൽ നിന്നുള്ള നേരിട്ടുള്ള സർവീസുകളുണ്ടാകും. കൂടാതെ ആഗ്ര, അയോധ്യ, ബാഗ്ഡോഗ്രാ, ബെലഗവി, കൊൽക്കത്ത, പട്ന, രാജ്കോട്ട്, ശ്രീനഗർ, വാരണാസി, വിശാഖപട്ടണം തുടങ്ങി പ്രധാന നഗരങ്ങളിലേക്കും നവി മുംബൈയിൽ നിന്ന് സർവീസുകളുണ്ടാകും. ഭാവ്നഗറിൽ നിന്ന് നവി മുംബൈയിലേക്ക് ദിവസേന രണ്ട് നേരിട്ടുള്ള സർവീസുകൾ ഇന്നു മുതൽ ആരംഭിച്ചു. ഏപ്രിൽ 23 മുതൽ ജാംനഗറിലേക്കും സർവീസുകൾ ആരംഭിക്കും. ഇതോടെ അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്കോട്ട്, ഭാവ്നഗർ, ജാംനഗർ തുടങ്ങിയ നഗരങ്ങളിലേക്ക് 1400 ലധികം സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്.










0 comments