വിവാദങ്ങൾ, പ്രതിഷേധം, കേസ്; അശ്ലീല പരാമർശം കാരണം പൂട്ടുവീണ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' തിരിച്ചുവരുന്നു നെറ്റ്ഫ്ലിക്സിലൂടെ

മുംബൈ: വലിയ വിവാദങ്ങളിലേക്കും കേസുകളിലേക്കും നയിച്ച, പ്രമുഖ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സമയ് റെയ്‌നയുടെ 'ഇന്ത്യയ്‌സ് ഗോട്ട് ലേറ്റന്റ്' (India's Got Latent) എന്ന കോമഡി ഷോ രണ്ടാം സീസണുമായി തിരിച്ചെത്തുന്നു. കഴിഞ്ഞ സീസണിലുണ്ടായ നിയമക്കുരുക്കുകളെത്തുടർന്ന് യൂട്യൂബിൽ നിർത്തിവെക്കേണ്ടി വന്ന ഷോയാണ് ഇത്തവണ ഒടിടി ഭീമന്മാരായ നെറ്റ്‌ഫ്ലിക്സ് ഏറ്റെടുത്തിരിക്കുന്നത്. വരും സീസൺ നെറ്റ്‌ഫ്ലിക്സിലും യൂട്യൂബിലും ഒരേ ദിവസം ഒരേസമയം സ്ട്രീം ചെയ്യുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം.
ആദ്യ സീസണിലെ ഒരു എപ്പിസോഡിൽ അതിഥിയായി എത്തിയ പ്രമുഖ പോഡ്കാസ്റ്റർ രൺവീർ അല്ലാബാദിയ മത്സരാർത്ഥിയോട് അവരുടെ മാതാപിതാക്കളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് ചോദിച്ച അശ്ലീല ചോദ്യമാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. രൺവീർ ചോദിക്കുമ്പോൾ ചിരിച്ചുകൊണ്ട് പ്രോത്സാഹിപ്പിച്ച അവതാരകനായ സമയ് റെയ്‌നയുടെയും അപൂർവ്വ മുഖിജ ഉൾപ്പെടെയുള്ള മറ്റ് പാനലിസ്റ്റുകളുടെയും നിലപാടുകളും ജനങ്ങളെ പ്രകോപിപ്പിച്ചു. അങ്ങേയറ്റം മോശമായ ഈ ചോദ്യത്തെ വേദിയിൽ ആരും എതിർത്തില്ലെന്ന് മാത്രമല്ല, അത് എഡിറ്റ് ചെയ്ത് മാറ്റാതെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യാൻ ഇവർ തയ്യാറാവുകയും ചെയ്തു.
വിവാദം ആളിക്കത്തിയതോടെ അസം, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി സമയ് റെയ്‌ന, രൺവീർ അല്ലാബാദിയ, അപൂർവ്വ മുഖിജ എന്നിവർക്കെതിരെ നിരവധി എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ദേശീയ വനിതാ കമ്മീഷനും സംസ്ഥാന സൈബർ സെല്ലുകളും കേസിൽ ശക്തമായി ഇടപെട്ടു. രൺവീർ അല്ലാബാദിയ കേസുകൾ റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, ഷോയിൽ ഉപയോഗിച്ച ഭാഷയ്ക്കെതിരെ കോടതി കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഇതോടെ ഗത്യന്തരമില്ലാതെ സമയ് റെയ്‌നയ്ക്ക് ഷോ പൂർണ്ണമായും യൂട്യൂബിൽ നിന്ന് പിൻവലിക്കേണ്ടി വന്നു.
തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയുടെ പേരിൽ ഷോ നിർത്തിവെക്കേണ്ടി വന്നിട്ടും, "ഷോ ഇത്രയും വലിയൊരു ഹൈപ്പിൽ അവസാനിക്കുമെന്ന് കരുതിയില്ലെന്നും എന്നാൽ ഇത് ഇവിടെ തീരുന്നില്ല" എന്നുമായിരുന്നു സമയ് റെയ്‌ന തന്റെ 'സ്റ്റിൽ അലൈവ്' കോമഡി സ്പെഷ്യലിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ജൂൺ 19-ന് നെറ്റ്‌ഫ്ലിക്സുമായി ചേർന്നുള്ള പുതിയ സീസൺ പ്രഖ്യാപനം വന്നിരിക്കുന്നത്.
ആദ്യ എപ്പിസോഡിൽ ആലിയ ഭട്ടും ഷർവരിയും?
'ഇറ്റ്സ് സമയം ഫോർ എ ബിഗ് റിവീൽ' (It’s SAMAY For A Big Reveal) എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ പ്രകാരം വരും സീസൺ ജൂലൈ മാസത്തോടെ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സൂചന. ഇതിനിടെ, ഷോയുടെ സെറ്റിൽ നിന്നുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ലീക്കായിരുന്നു. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും ഷർവരിയും തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ 'ആൽഫ' (Alpha) യുടെ പ്രൊമോഷന്റെ ഭാഗമായി ഷോയുടെ ആദ്യ എപ്പിസോഡിൽ അതിഥികളായി എത്തുന്നുണ്ടെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന. എന്നാൽ നെറ്റ്‌ഫ്ലിക്സോ അണിയറപ്രവർത്തകരോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.










0 comments