ഇറാൻ സംഘർഷം; ഇന്ത്യക്കാരുടെ ആദ്യ സംഘം ഡൽഹിയിലെത്തി; മടങ്ങിയെത്തിയവരിൽ കൂടുതലും കശ്മീരി വിദ്യാർത്ഥികൾ

ന്യൂഡൽഹി: ആഭ്യന്തര സംഘർഷം രൂക്ഷമായ ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ഡൽഹിയിലെത്തി. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ടെഹ്റാനിൽ നിന്നുള്ള മഹാൻ എയർലൈൻ വിമാനത്തിലാണ് ഇവർ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.
മടങ്ങിയെത്തിയവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. തീർത്ഥാടനത്തിന് പോയവരും ഇക്കൂട്ടത്തിലുണ്ട്. ഇറാനിൽ നിലവിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സ്വന്തം നിലയ്ക്കാണ് ടിക്കറ്റെടുത്ത് മടങ്ങിയെത്തിയതെന്നും യാത്രക്കാർ പറഞ്ഞു.
വരും ദിവസങ്ങളിൽ കൂടുതൽ ഇന്ത്യക്കാർ ഇറാൻ വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാൻ വ്യോമപാത നിലവിൽ തുറന്നിരിക്കുന്നതിനാൽ കേന്ദ്ര സർക്കാർ നേരിട്ടുള്ള ഒഴിപ്പിക്കൽ നടപടികൾ ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, സംഘർഷസാധ്യത കണക്കിലെടുത്ത് ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിൽ നിന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ കൂടുതൽ രൂക്ഷമാകുന്നത് പശ്ചിമേഷ്യൻ മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.










0 comments