ad
Deshabhimani

റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ മാറ്റം; യുടിഎസ് ആപ്പ് നിർത്തലാക്കുന്നു, ഇനി ‘റെയിൽ വൺ’

Railone.jpg
വെബ് ഡെസ്ക്

Published on Feb 10, 2026, 11:51 AM | 1 min read

ന്യൂഡൽഹി: സാധാരണ ട്രെയിൻ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന യുടിഎസ് ആപ്പ് ഇന്ത്യൻ റെയിൽവേ നിർത്തലാക്കുന്നു. 2026 മാർച്ച് ഒന്നു മുതൽ യുടിഎസ് ആപ്പ് പൂർണ്ണമായും പ്രവർത്തനരഹിതമാകും. പകരം റെയിൽവേയുടെ പുതിയ ആപ്പ് ആയ റെയിൽ വണിലേക്ക് യാത്രക്കാർ മാറണമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.


റെയിൽവേയുടെ വിവിധ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. നിലവിൽ യുടിഎസ് ആപ്പിൽ പുതിയ സീസൺ ടിക്കറ്റുകൾ എടുക്കുന്നതും പുതുക്കുന്നതും റെയിൽവേ തടഞ്ഞിട്ടുണ്ട്.


ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽ വൺ ആപ്പ് വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് 3 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ വഴി പണമടയ്ക്കുന്നവർക്ക് 2026 ജൂലൈ 14 വരെ ഈ ആനുകൂല്യം ലഭ്യമാണ്.


യുടിഎസ് ആപ്പിലെ ആർ-വാലറ്റിൽ പണമുള്ളവർ ആശങ്കപ്പെടേണ്ടതില്ല. റെയിൽ വൺ ആപ്പിലേക്ക് ലോഗിൻ ചെയ്യുമ്പോൾ ഈ തുക തനിയെ പുതിയ ആപ്പിലേക്ക് മാറിക്കൊള്ളും. നിലവിൽ നിലവിലുള്ള സീസൺ ടിക്കറ്റുകൾ റെയിൽ വൺ ആപ്പിലെ 'ട്രാൻസ്ഫർ ടിക്കറ്റ്' എന്ന ഓപ്ഷൻ വഴി മാറ്റാവുന്നതാണ്.


ഐആർസിടിസി, യുടിഎസ് എന്നിവയിലുള്ള പഴയ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് തന്നെ റെയിൽ വണ്ണിലും ലോഗിൻ ചെയ്യാം. പുതിയ അക്കൗണ്ട് തുടങ്ങേണ്ട ആവശ്യമില്ല. ടിക്കറ്റ് ബുക്കിംഗിന് പുറമെ ട്രെയിനിന്റെ തത്സമയ വിവരങ്ങൾ അറിയാനുള്ള എൻടിഇഎസ്, പരാതികൾ നൽകാനുള്ള റെയിൽ മദദ്, ഭക്ഷണത്തിന് ഓർഡർ നൽകാനുള്ള ഇ-കാറ്ററിംഗ്, പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കൽ തുടങ്ങിയവയെല്ലാം ഈ ഒറ്റ ആപ്പിൽ ലഭ്യമാണ്.


വിരലടയാളം അല്ലെങ്കിൽ എം-പിൻ ഉപയോഗിച്ച് വേഗത്തിൽ ലോഗിൻ ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. മാർച്ച് ഒന്ന് മുതൽ യുടിഎസ് ആപ്പ് വഴി ടിക്കറ്റ് ബുക്കിംഗ് സാധ്യമാകില്ല എന്നതിനാൽ ഉടൻ തന്നെ പുതിയ ആപ്പിലേക്ക് മാറാൻ റെയിൽവേ യാത്രക്കാരോട് അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home