പലസ്തീൻ നാടകത്തിന് വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ; കേരളത്തിലെത്താനാകാതെ ‘ദ ലാസ്റ്റ് പ്ലേ ഇൻ ഗാസ’

ന്യൂഡൽഹി: അന്താരാഷ്ട്ര നാടകോത്സവത്തിൽ പങ്കെടുക്കാനുള്ള പലസ്തീൻ നാടക സംഘത്തിന് വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ. പലസ്തീൻ അനുകൂല പ്രമേയമുള്ള 'ദ ലാസ്റ്റ് പ്ലേ ഇൻ ഗാസ' എന്ന നാടകത്തിന്റെ അണിയറപ്രവർത്തകർക്കാണ് വിസ നൽകാതിരുന്നത്. ഇസ്രയേലിലെ ഇന്ത്യൻ എംബസിയാണ് അഞ്ചംഗ സംഘത്തിന്റെ അപേക്ഷ നിരസിച്ചത്.
നാടക സംഘത്തിന് ആവശ്യമായ 'പൊളിറ്റിക്കൽ ക്ലിയറൻസ്' ലഭിച്ചിട്ടും വിസ അനുവദിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. പലസ്തീന്റെ സമകാലിക സാഹചര്യങ്ങൾ പ്രമേയമാക്കിയാണ് ഈ നാടകം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഇസ്രയേലി സംവിധായികയും നടിയുമായ ഐനറ്റ് വീസ്‌മാൻ ആണ് നാടകത്തിന്റെ സംവിധായിക.
യാത്രാനുമതിക്കായി രണ്ടു മാസം മുൻപേ അപേക്ഷ നൽകിയിരുന്നുവെന്നും എന്നാൽ അവസാന നിമിഷം വിസ നിഷേധിച്ചുവെന്നും ഐനറ്റ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഫെബ്രുവരി ഒന്നിന് മുൻപ് വിസ ലഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിൽ നാടകം അവതരിപ്പിക്കാനുള്ള അവസരം നൽകാനായി സംഗീത നാടക അക്കാദമി ഇപ്പോഴും ശ്രമം തുടരുകയാണ്. പലസ്തീൻ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്ന ഐനറ്റിന്റെ സൃഷ്ടികൾക്ക് നേരത്തെ ഇസ്രയേലിലും സെൻസർഷിപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്.
കലാസൃഷ്ടികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തടയുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ സാംസ്കാരിക ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.










0 comments