Deshabhimani

print edition എസ്‌ – പിവിസി ഇറക്കുമതി നിയന്ത്രണം; ഭവനനിർമാണ പദ്ധതികൾക്ക്‌ ചെലവേറും

PVC Resin
വെബ് ഡെസ്ക്

Published on Aug 03, 2026, 01:30 AM | 1 min read

ന്യൂഡൽഹി : സസ്‌പെഷൻ പോളിവിനൈൽ ക്ലോറൈഡ്‌ റെസിൻ (എസ്‌–പിവിസി റെസിൻ) ഇറക്കുമതിക്ക്‌ വിദേശവ്യാപാര ഡയറക്‌ടറേറ്റ്‌ ജനറൽ (ഡിജിഎഫ്‌ടി) ആറുമാസത്തെ നിയന്ത്രണമേർപ്പെടുത്തിയതോടെ ഭവനനിർമാണ, കുടിവെള്ള, ജലസേചന പദ്ധതികൾക്ക് ചെലവേറുമെന്ന്‌ ആശങ്ക. വിദേശത്തുനിന്ന്‌ കുറഞ്ഞ വിലയ്ക്കാണ്‌ ഇവ ലഭിക്കുന്നത്‌. നിയന്ത്രണത്തോടെ പിവിസി പൈപ്പുകൾ, കേബിളുകൾ, പ്ലബിങ് ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വില വർധിക്കും. ആഭ്യന്തര കോർപറേറ്റുകളുടെ സമ്മർദത്തിന്‌ വഴങ്ങിയാണ്‌ നിയന്ത്രണമെന്ന ആക്ഷേപവും ഉയർന്നു.


പിവിസി പൈപ്പുകൾ, ഫിറ്റിങ്ങുകൾ, ഇലക്‌ട്രിക്കൽ കേബിൾ ഇൻസുലേഷൻ, പ്ലാസ്റ്റിക്‌ ഷീറ്റുകൾ, പാദരക്ഷകൾ, ജനൽചട്ടക്കൂട്‌ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളുടെ പ്രധാന അസംസ്‌കൃത വസ്‌തുവാണ്‌ എസ്‌–പിവിസി റെസിൻ. രാജ്യത്തെ പിവിസി ഉൽപ്പന്ന വ്യവസായം പ്രധാനമായും ഇറക്കുമതിയെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, നിയന്ത്രണം വിതരണത്തെയും വിലനിർണയത്തെയും വലിയ രീതിയിൽ ബാധിക്കും. കുറഞ്ഞ വിലയ്ക്ക്‌ ഇറക്കുമതി റെസിൻ ലഭിക്കുന്നത്‌ ആഭ്യന്തര കോർപറേറ്റുകൾക്ക്‌ തിരിച്ചടിയായി. അവരുടെ നിരന്തരസമ്മർദത്തെ തുടർന്നാണ്‌ ഇറക്കുമതിക്ക്‌ കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തിയത്‌. ചൈനയിൽ നിന്ന്‌ കിലോയ്‌ക്ക്‌ 78 രൂപയ്‌ക്ക്‌ ലഭിക്കുന്ന റെസിൻ ആഭ്യന്തര ഉൽപ്പാദകരിൽ നിന്ന്‌ വാങ്ങുന്പോൾ 83 രൂപയാകും. നിയന്ത്രണ വിജ്ഞാപനം ഇറങ്ങിയതോടെ ആഭ്യന്തര ഉൽപ്പാദകർ വില 93 രൂപയാക്കി വർധിപ്പിച്ചു.


ഇന്ത്യയിൽ 4.7 എംഎംടി പിവിസി ഉൽപ്പാദനം ആവശ്യമുള്ളപ്പോൾ ഉൽപ്പാദിപ്പിക്കുന്നത്‌ 1.7 എംഎംടി മാത്രമാണ്‌. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ്‌ ശേഷിക്കുന്നവ ഇറക്കുമതി ചെയ്യുന്നത്‌. ഇ‍ൗ സാഹചര്യം മുന്നിൽക്കണ്ട്‌ അദാനി ഗ്രൂപ്പ്‌ മേഖലയിലേക്ക്‌ പ്രവേശിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. ഗുജറാത്തിലെ മുന്ദ്രയിൽ അദാനി ഗ്രൂപ്പ്‌ അനുബന്ധ കന്പനി മുന്ദ്ര പെട്രോ കെം ലിമിറ്റഡ്‌ പുതിയ പ്ലാന്റ്‌ തുടങ്ങാനുള്ള നടപടികൾ വേഗത്തിലാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home