ഇന്ധന കയറ്റുമതി നികുതി കുറച്ച് കേന്ദ്രം; എണ്ണക്കമ്പനികൾക്ക് അധിക നേട്ടം

ന്യൂഡൽഹി : പെട്രോൾ, ഡീസൽ, വിമാന ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സർക്കാർ. ബുധനാഴ്ച അർദ്ധരാത്രി മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ആഗോള വിപണിയിൽ എണ്ണവില ഉയരുമ്പോൾ എണ്ണക്കമ്പനികൾക്ക് ലഭിക്കുന്ന അധിക ലാഭത്തിന്റെ ഒരു ഭാഗം തിരിച്ചുപിടിക്കാൻ കൊണ്ടുവന്നിരുന്ന വിൻഡ്ഫോൾ ടാക്സാണ് ഇപ്പോൾ വീണ്ടും കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം ഡീസൽ കയറ്റുമതി ചെയ്യുന്നതിനായുള്ള വിൻഡ്ഫോൾ ടാക്സ് ലിറ്ററിന് 25 രൂപയിൽ നിന്ന് 20 രൂപയായി കുറച്ചിട്ടുണ്ട്. അതുപോലെ പെട്രോൾ കയറ്റുമതി തീരുവ ലിറ്ററിന് 1.5 രൂപയിൽ നിന്ന് 0.5 രൂപയാക്കി. വിമാന ഇന്ധനത്തിന്റെ തീരുവ ലിറ്ററിന് 19 രൂപയിൽ നിന്ന് 15 രൂപയായും കുറച്ചിട്ടുണ്ട്.
ആഭ്യന്തര വിപണിയിൽ ഇന്ധനവില കുറക്കാതെ എണ്ണക്കമ്പനികൾക്ക് അധികലാഭം ഉണ്ടാക്കാൻ വഴിയൊരുക്കുകയാണ് കേന്ദ്ര സർക്കാർ. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെ അടിസ്ഥാനത്തിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും നികുതികളിൽ മാറ്റം വരുത്താറുണ്ട്. ഇന്ത്യയിലെ മൊത്തം ഇന്ധന കയറ്റുമതിയുടെ 85 ശതമാനത്തിലധികവും സ്വകാര്യ മേഖലയിലെ കോർപ്പറേറ്റ് കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്. ഇന്ധനവിലയുടെ ഭാരം കോടിക്കണക്കിന് സാധാരണ ജനങ്ങൾക്ക് നൽകി, വൻകിട കോർപ്പറേറ്റുകൾക്ക് വീണ്ടും നികുതി ഇളവുകൾ അനുവദിക്കുകയാണ് കേന്ദ്രം.









0 comments