print edition ഒറ്റലക്ഷ്യം; ഗ്യാനേഷിനെ തെറിപ്പിക്കും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ ഇന്ത്യ കൂട്ടായ്‌മ. തുടർപ്രക്ഷോഭം തീരുമാനിക്കാൻ നേതാക്കൾ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ വസതിയിൽ യോഗം ചേർന്നാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്. വോട്ടർപട്ടിക ക്രമക്കേടിനെതിരെ നവംബർ ഒന്നിന് ഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തിൽ എല്ലാ മേഖലയിൽ നിന്നുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
നിഷ്‌പക്ഷനായി നിൽക്കേണ്ട മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഭരണകക്ഷിയുടെ ടീമിൽ കൂടിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യം വോട്ടും പിന്നെ ജനാധിപത്യവും പ്രതിഷേധ സ്ഥലവും മോഷ്‌ടിക്കപ്പെട്ടു. ഇതിനെല്ലാമെതിരെ യോജിച്ച പോരാട്ടം തുടരും.
ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള സമരമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യത്തെ തകർത്ത നരേന്ദ്രമോദി, അമിത് ഷാ, ഗ്യാനേഷ് കുമാർ, ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന സ്‌ത്രീ (തെരഞ്ഞെടുപ്പ് കമീഷൻ ഐടി വിഭാഗം മേധാവി സീമാ ഖന്നയെയാണ് രാഹുൽ പരാമർശിച്ചതെന്ന് സമൂഹമാധ്യമങ്ങൾ) എന്നിവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും പറഞ്ഞു.
രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ്, എംപിമാരായ വി ശിവദാസൻ, എ എ റഹിം, സു വെങ്കിടേശൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, രാജ്യസഭാ നേതാവ് പി സന്തോഷ് കുമാർ, കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എം പി, എസ്‌എഫ്‌ഐ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഐസ അഖിലേന്ത്യാ പ്രസിഡന്റ് നേഹാ ബോറ, ആർജെഡി വർക്കിങ് പ്രസിഡന്റ് തേജസ്വി യാദവ്, എൻസിപി (എസ്‌പി) ലോക്‌സഭാ നേതാവ് സുപ്രിയാ സുലെ, തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ്, ശിവ സേന (യുബിടി) രാജ്യസഭാ നേതാവ് സഞ്ജയ് റൗത്ത്, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുത്തു.








0 comments