ഐഐടി ബോംബെയിലെ വിദ്യാർഥിയുടെ ആത്മഹത്യ: ഡയറക്ടർ രാജി നൽകി

മുംബൈ: വിദ്യാർഥിയുടെ ആത്മഹത്യയെ തുടർന്ന് ഐഐടി ബോംബെയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഡയറക്ടർ പ്രൊഫ ഷിരീഷ് കേദാരെ രാജി നൽകി. രാജി സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന സ്ഥാപനത്തിന്റെ ബോർഡ് യോഗത്തിന് ശേഷമാകും.
എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ രണ്ടാം വർഷ ബിടെക് വിദ്യാർഥി സഹിൽ രവീന്ദ്ര വാകോഡെയെ വെള്ളിയാഴ്ച വൈകിട്ട് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരീക്ഷയ്ക്കിടെ മൊബൈൽ ഫോണും ചാറ്റ് ജിപിട്ടിയും ഉപയോഗിച്ചതായി ആരോപിച്ച് വിദ്യാർഥിയെ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം.
മകൻ സ്ഥാപനത്തിൽ നിന്ന് മാനസിക പീഡനവും ജാതി വിവേചനവും നേരിട്ടതായി വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു. തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ ആത്മഹത്യ പ്രേരണ നൽകിയെന്ന കുറ്റവും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകളും ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരങ്ങൾ തേടിയതായി വാകോഡെയെക്കുറിച്ച് പരാതി ലഭിച്ചിരുന്നെങ്കിലും, അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി ആരംഭിച്ചിരുന്നില്ലെന്ന് ഐഐടി ബോംബെ അവകാശപ്പെട്ടു.
അധ്യാപകരും വിഭാഗം മേധാവിയും അദ്ദേഹവുമായി സംസാരിച്ച് കൗൺസിലിങ് നൽകിയെന്നും സംഭവം അക്കാദമിക് ഭാവിയെ ബാധിക്കില്ലെന്ന് ഉറപ്പുനൽകിയിരുന്നതായും ഐഐടി അറിയിപ്പിൽ അവകാശപ്പെട്ടിരുന്നു. വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് വലിയ പ്രക്ഷോഭം അരങ്ങേറി. ഇതിന് പിന്നാലെ വിദ്യാർഥികൾ ഉന്നയിച്ച 18 ആവശ്യങ്ങളും ഐഐടി ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.









0 comments