കശ്മീരിൽ നൂറുകണക്കിന് വിനോദസഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി

അപകടത്തിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് (Photo Credit: ANI)
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നൂറ്കണക്കിന് വിനോദസഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി. ഗൊണ്ടോള കേബിൾ കാർ സർവീസിൽ സാങ്കേതിക തകരാർ സംഭവിച്ചാണ് അപകടമുണ്ടായത്. കേബിൾ കാർ സർവീസിന്റെ രണ്ട് ഘട്ടങ്ങളുടെയും പ്രവർത്തനം പൂർണ്ണമായും നിർത്തിവച്ചു.
കേബിൾകാറിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), പൊലീസ്, സൈന്യം എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.
നിലവിൽ കേബിൾ കാർ സംവിധാനത്തിന്റെ കേടുപാടുകൾ പരിഹരിക്കുകയാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും, എല്ലാവരും സുരക്ഷിതമാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. രക്ഷാപ്രവർത്തനം നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും, വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു.
അമിതഭാരമാണ് തകരാറിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments