കേരള സർക്കാർ രാജിവെച്ചാൽ താനും രാജിവെച്ച് ബാലറ്റ് പേപ്പറിലേക്ക് മടങ്ങാം; വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ

ഗുവാഹത്തി: രാജ്യത്തുടനീളം ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അട്ടിമറികൾക്കെതിരെ ജനവികാരവും പ്രതിഷേധവും ആഞ്ഞടിക്കുന്നതിനിടെ, ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യത്തിൽ കോൺഗ്രസിനെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ.
ഇവിഎം വോട്ടിങ്ങിലൂടെ അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരുകൾ രാജിവെക്കാൻ തയ്യാറാണെങ്കിൽ മാത്രം ബാലറ്റ് സമ്പ്രദായത്തെ പിന്തുണയ്ക്കാമെന്ന വാദവുമായാണ് ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിയത്. കേരളം, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയത് ഇവിഎം വഴിയാണെന്ന് ചൂണ്ടിക്കാട്ടിയ ഹിമന്ത ബിശ്വ ശർമ, ഈ സർക്കാരുകൾ രാജിവെച്ച് ബാലറ്റ് പേപ്പറിലൂടെ വീണ്ടും ജനവിധി തേടണമെന്നും ആവശ്യപ്പെട്ടു.
വർഗീയ-ധ്രുവീകരണ രാഷ്ട്രീയത്തിന് ആക്കം കൂട്ടുന്ന പരാമർശങ്ങളും അസം മുഖ്യമന്ത്രി ആവർത്തിച്ചു. അസം, ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അനധികൃത കുടിയേറ്റം മൂലം ജനസംഖ്യാ വ്യതിയാനം സംഭവിക്കുന്നുണ്ടെന്ന് ആരോപിച്ച ഹിമന്ത ബിശ്വ ശർമ, വോട്ടർ പട്ടികയിൽ നിന്ന് ഇവരെ ഒഴിവാക്കാൻ അഞ്ചു വർഷം കൂടുമ്പോൾ എസ്ഐആർ നടത്തണമെന്നും വാദിച്ചു.









0 comments