മുംബൈയിൽ കനത്ത മഴ; വിമാനത്താവളത്തിന് സമീപം വെള്ളക്കെട്ട് രൂക്ഷം, റോഡ് - റെയിൽ ഗതാഗതം തടസ്സപ്പെട്ടു

മുംബൈ : ശനിയാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ മുംബൈയിൽ ഗതാഗതം സ്തംഭിച്ചു. കനത്ത മഴയെ തുടർന്ന് മുംബൈയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റോഡ് - റെയിൽ ഗതാഗതം തടസ്സപ്പെട്ടു. നലസോപാര റെയിൽവേ സ്റ്റേഷന്റെ ഒരുഭാഗം വെള്ളത്തിൽ മുങ്ങി. വാഹനങ്ങൾ അകത്തേക്ക് കയറ്റാൻ സാധിക്കാത്തതിനാൽ യാത്രക്കാർ വെള്ളക്കെട്ടിലൂടെ നടന്ന് സ്റ്റേഷനിലെത്തേണ്ടിവന്നു. വിമാനത്താവളത്തിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
വസായി–വിരാർ മേഖലയിലും മഴ തുടരുകയാണ്. സെന്റർ പാർക്ക്, തുലിഞ്ച് പാലം എന്നിവയ്ക്കു സമീപമുള്ള റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. ദാദർ മേഖലയിലും ശക്തമായ മഴ ലഭിച്ചു. കുർള റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളിൽ വെള്ളം കയറിയതോടെ ട്രെയിൻ സർവീസുകൾ വൈകി.
മുംബൈ, താനെ, പാൽഘർ ജില്ലകൾക്ക് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും തിങ്കളാഴ്ചയും മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.









0 comments