ദേശീയ പാതയ്ക്ക് മുകളിലെ റെയിൽവേ പാലത്തിൽ തൂങ്ങിക്കിടന്ന് യുവാവിൻ്റെ അഭ്യാസം; വീഡിയോ

ഹാപുർ: ഉത്തർപ്രദേശിലെ ഡൽഹി - ലഖ്‌നൗ ദേശീയ പാതയിൽ റെയിൽവേ പാലത്തിന് മുകളിൽ തൂങ്ങിക്കിടന്ന് യുവാവിന്റെ അഭ്യാസപ്രകടനം. അപകടകരമായ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തിരക്കേറിയ ദേശീയ പാതയ്ക്ക് കുറുകെയുള്ള റെയിൽവേ പാലത്തിൽ കൈകൾ കൊണ്ട് തൂങ്ങിക്കിടന്ന് ഇയാൾ ചിൻ-അപ്പ് (Chin-up) വ്യായാമം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. താഴെ വാഹനങ്ങൾ ചീറിപ്പായുന്നതും വീഡിയോയിൽ കാണാം.
കറുത്ത വസ്ത്രം ധരിച്ച യുവാവാണ് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പാലത്തിൽ തൂങ്ങിക്കിടന്നത്. നേരിയ ഒരു പിഴവ് സംഭവിച്ചാൽ പോലും വലിയ അപകടത്തിന് സാധ്യതയുള്ള ഉയരത്തിലാണ് ഇയാൾ അഭ്യാസപ്രകടനം നടത്തിയത്. ഈ വീഡിയോയ്ക്ക് പുറമെ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിക്കൊപ്പം റെയിൽവേ ട്രാക്കിലൂടെ ഇയാളും ഓടുന്ന മറ്റൊരും വീഡിയോയുമുണ്ട്. ട്രാക്കിന് മുകളിൽ പുഷ് അപ്പുകൾ എടുക്കുന്നതും ചാടുന്നതുമെല്ലാം വീഡിയോയിലുണ്ട്.
ഉത്തർപ്രദേശിലെ പിൽഖുവ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവങ്ങൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ. തന്റെ ജീവനും മറ്റുള്ളവരുടെ സുരക്ഷയും പണയപ്പെടുത്തി യുവാവ് നടത്തിയ ഈ പ്രവൃത്തിക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments