ഹംപിയിൽ മലയാളി പഠനയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; അധ്യാപികയ്ക്കും മൂന്ന് വിദ്യാർത്ഥികൾക്കും പരിക്ക്

ബെംഗളൂരു: കർണാടകയിലെ ഹംപിയിൽ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച പഠനയാത്രാ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. തൃശൂർ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് പഠനയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ഒരു അധ്യാപികയ്ക്കും മൂന്ന് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഹംപിയിലെ അമ്മൻകേരി ക്രോസ്സിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡറിൽ തട്ടി തലകീഴായി മറിയുകയായിരുന്നു.
കോളേജിലെ സംസ്കൃത വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഗൗരി ലക്ഷ്മിക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ കാലിന് ഒടിവുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളുടെ നില ഗുരുതരമല്ല.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജിലെ സംസ്കൃത വിഭാഗത്തിൽ നിന്നുള്ള 30 ഓളം വിദ്യാർത്ഥികളും അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്.
ഹംപിയിലെ കാഴ്ചകൾ കണ്ടശേഷം മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ കർണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.










0 comments