മുടിവെട്ടുന്നതിനിടെ കളിച്ചു; സ്കൂളിൽ 82 വിദ്യാർഥികളുടെ തല പാതി മൊട്ടയടിച്ച് ശിക്ഷ

Photo: NDTV
മുംബൈ: മുടിവെട്ടുന്നതിനിടെ കളിച്ചുവെന്നാരോപിച്ച് 82 വിദ്യാർഥികളുടെ തല പാതി മൊട്ടയടിച്ച് വിചിത്രമായ ശിക്ഷാനടപടി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ജാംഭുൾഘട്ടിൽ സർക്കാരിന്റ കീഴിൽ പ്രവർത്തിക്കുന്ന ആശ്രമ സ്കൂളിലാണ് സംഭവം. വിദ്യാർഥികൾക്ക് മുടിവെട്ടുന്നതിനായി അധികൃതർ സ്കൂളിൽ ശനിയാഴ്ച സൗകര്യം ഒരുക്കിയിരുന്നു. ഇതിനിടെ വിദ്യാർഥികൾ കൂട്ടംചേർന്ന് കളിച്ചത് സ്കൂൾ പ്രിൻസിപ്പളിനെ ചൊടിപ്പിക്കുകയും തുടർന്ന് കുട്ടികളുടെ മുടി പകുതി മാത്രം മൊട്ടയടിക്കാൻ ബാർബർക്ക് നിർദേശം നൽകുകയുമായിരുന്നു. തുടർന്ന് ട്രിമ്മർ ഉപയോഗിച്ച് വിദ്യാർഥികളുടെ തല പാതി മൊട്ടയടിച്ചു.
കുട്ടികളുടെ തല പാതി മൊട്ടയടിച്ച ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദത്തിൽ കലാശിച്ചത്. പരാതിയുമായി രക്ഷിതാക്കളും എത്തി. പ്രതിഷേധം ശക്തമായതോടെ ഉയർന്നതല ഉദ്യോഗസ്ഥർ സ്കൂളുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ മുടി ഒരേ രീതിയിൽ വെട്ടാൻ നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാഗമായി ശനിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച മുടിവെട്ടൽ ഞായറാഴ്ച പുലർച്ചെ നാല് മണിവരെ നീണ്ടതായാണ് വിവരം.
മഴക്കാലത്തെ സാഹചര്യം കാരണം വിദ്യാർഥികൾക്ക് കുറച്ചുകാലമായി കൃത്യമായി മുടിവെട്ടാൻ കഴിഞ്ഞിരുന്നില്ലെന്നും ചിലർ മുടിയുടെ ശുചിത്വം പാലിച്ചിരുന്നില്ലെന്നുമാണ് വിഷയത്തിൽ സ്കൂൾ പ്രിൻസിപ്പൾ പ്രശാന്ത് ഗിരി നൽകുന്ന വിശദീകരണം. വിദ്യാർഥികളുടെ താൽപ്പര്യം മുൻനിർത്തിയാണ് നടപടിയെടുത്തതെന്നും തെറ്റായ ഉദ്ദേമുണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൾ പറയുന്നു. സംഭവത്തിൽ പ്രശാന്ത് ഗിരിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശദമായ അന്വേഷണം വേണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.









0 comments