ഗ്യാനേഷ്കുമാർ രാജിവെക്കില്ല; പൂർണസംരക്ഷണവുമായി കേന്ദ്രസർക്കാർ; പ്രക്ഷോഭകരെ വിമർശിച്ച് രാജ്നാഥ് സിങ്

രാജ്നാഥ് സിങ്, ഗ്യാനേഷ് കുമാർ
ലഖ്നൗ: ഇന്ത്യയുടെ ജനാധിപത്യപ്രക്രിയയെ അട്ടിമറിച്ച മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാറിനെ പൂർണമായും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പ്രതിഷേധങ്ങളുടെ സമ്മർദത്തെ തുടർന്ന് ഗ്യാനേഷ് രാജിവെക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
പ്രതിപക്ഷത്തിന്റെയും സിജെപിയുടെയും നേതൃത്വത്തിലുള്ള സമരങ്ങളെ പ്രതിരോധമന്ത്രി രൂക്ഷമായി വിമർശിച്ചു. അരാജകത്വം സൃഷ്ടിക്കാനുള്ള ലൈസൻസല്ല ജനാധിപത്യം. പ്രതിഷേധങ്ങളുടെ ലക്ഷ്യം എസ്ഐആറോ ഗ്യാനേഷ് കുമാറോ അല്ല, മറിച്ച് ഭരണമാറ്റമാണെന്നും പ്രതിരോധമന്ത്രി ലഖ്നൗവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ ഗ്യാനേഷിന് കവചമൊരുക്കുകയാണെന്ന പ്രതിപക്ഷവിമർശനം ശരിവെക്കുംവിധമായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം. എന്നാല് സമരക്കാർക്കുനേരെ പൊലീസും കേന്ദ്രസർക്കാരും നടത്തുന്ന കടുത്ത ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ രാജ്നാഥ് സിങ് തയ്യാറായില്ല.
അതേസമയം ഗ്യാനേഷ്കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തിയാർജിക്കുകയാണ്. വെള്ളിയാഴ്ച ദേശീയ പതാകയേന്തി മാർച്ച് ചെയ്യുമെന്ന് സിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്ഐ, ഐസ, എഐഎസ്എഫ് എന്നിവയും പങ്കെടുക്കും. ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വൈകിട്ട് അഞ്ചിനാണ് തിരംഗാ മാർച്ച് പ്രഖ്യാപിച്ചത്. ജന്തർമന്തറിൽ ദേശീയപതാക ഉയർത്തി പ്രതിഷേധിച്ചതിന് സിജെപി സഹകൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റംക എന്നിവർ അറസ്റ്റിലായതിനെത്തുടർന്നാണ് മാർച്ച്.
പ്രതിഷേധം നേരിടാൻ വൻ സന്നാഹമാണ് ഒരുക്കുന്നത്. വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലും പരിസരങ്ങളിലും പൊലീസ് വിന്യാസം ശക്തമാക്കും. രണ്ടു ദിവസത്തേക്ക് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടയ്ക്കാനും ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ തീരുമാനിച്ചു.
അതിനിടെ, സിജെപി പ്രതിഷേധം വിലക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. പാലിക ബസാറിൽ കട നടത്തുന്ന അനിൽകുമാർ ഗുപ്തയാണ് പ്രതിഷേധം വിലക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഗ്യാനേഷ്കുമാറിന്റെ രാജിയാവശ്യപ്പെട്ട് എഐഎസ്എഫ്, എഐവൈഎഫ് പ്രവർത്തകർ കൊണാട്ട് പ്ലേസിൽ വ്യാഴാഴ്ച ദേശീയ പതാകയുമായി മാർച്ച് ചെയ്തു. കനത്ത മഴയിൽ കേന്ദ്രസേനകളും ഡൽഹി പൊലീസും ആക്രമണം അഴിച്ചുവിട്ടു.









0 comments