വെള്ളടാങ്ക് തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു; ഗുരുഗ്രാമിൽ കരാറുകാരനെതിരെ കേസ്

ഗുരുഗ്രാം: ഗുരുഗ്രാം സെക്ടർ 83 ലെ ജി 21 സൊസൈറ്റിക്ക് സമീപമുള്ള ചേരിയിൽ സിമന്റ് വെള്ളടാങ്ക് തകർന്നുവീണ് നാല് വയസ്സുകാരി ഉൾപ്പെടെ രണ്ട് കുട്ടികൾ മരിച്ചു. സംഭവത്തിൽ കുട്ടികളുടെ അമ്മമാർക്കും പരിക്കേറ്റു.
ടാങ്ക് നിർമിച്ച കരാറുകാരനെതിരെ ബിഎൻഎസ് സെക്ഷൻ 106 പ്രകാരം പൊലീസ് കേസെടുത്തു. പൊലീസ് പറയുന്നതനുസരിച്ച്, ഏകദേശം 10 അടി നീളവും 5 അടി വീതിയും 5 അടി ഉയരവുമുള്ള സിമന്റ് വെള്ളടാങ്ക് സംഭവത്തിന് നാല് ദിവസം മുമ്പാണ് നിർമിച്ചത്. സെപ്തംബർ 25 ന് നിർമാണം പൂർത്തിയാക്കിയ ശേഷം ടാങ്കിൽ വെള്ളം നിറച്ചിരുന്നു.
റുബീന എന്ന സ്ത്രീ തന്റെ നാല് വയസ്സുകാരിയായ മകൾ സുമയ്യയെ കുളിപ്പിക്കാനായി ടാങ്കിനടുത്തെത്തിയപ്പോഴാണ് അപകടമുണ്ടായത്. പശ്ചിമ ബംഗാളിലെ മാൽഡ സ്വദേശിയായ ഷരീഫ് അലിയും ഭാര്യ റുബീനയും കഴിഞ്ഞ ഒരു വർഷമായി സെക്ടർ 83 ൽ വാടകയ്ക്ക് താമസിക്കുകയാണ്.
മറ്റൊരു സ്ത്രീയും മകനെ കുളിപ്പിക്കാനായി അവിടെയുണ്ടായിരുന്നു. ഇതിനിടെ ടാങ്കിന്റെ മതിൽ പെട്ടെന്ന് തകർന്നുവീണ് കുട്ടികളുടെയും സ്ത്രീകളുടെയും മേൽ പതിക്കുകയായിരുന്നു.
പ്രദേശവാസികൾ ഉടൻ തന്നെ അവശിഷ്ടങ്ങൾ നീക്കി നാല് പേരെയും പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. കേസിൽ പ്രതിയായ കരാറുകാരനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.










0 comments