Deshabhimani

print edition തീരുമാനം ജിഎസ്‌ടി ക‍ൗൺസിലിൽ; നികുതി ഉദ്യോഗസ്ഥരുടെ 
അറസ്‌റ്റ്‌ അധികാരം ഒഴിവാക്കി

GST
വെബ് ഡെസ്ക്

Published on Oct 09, 2026, 01:14 AM | 1 min read

ന്യൂഡൽഹി : നികുതി ഉദ്യോഗസ്ഥരുടെ അറസ്‌റ്റിനുള്ള അധികാരം ഒഴിവാക്കുന്നതുൾപ്പെടെ പ്രധാന തീരുമാനങ്ങളുമായി ജിഎസ്‌ടി ക‍ൗൺസിൽ യോഗം. പ്രോസിക്യൂഷൻ നടപടിയ്‌ക്കുള്ള നികുതി വെട്ടിപ്പ്‌ പരിധി ഒരുകോടിയിൽനിന്ന്‌ അഞ്ച്‌ കോടിയാക്കി ഉയർത്താനും ധാരണയായി. ജിഎസ്‌ടി നിരക്കുകളിൽ മാറ്റം പ്രഖ്യാപിച്ചിട്ടില്ല. ​


റീഫണ്ട്‌ അപേക്ഷയുടെ അംഗീകാരസമയം 15 ദിവസത്തിൽനിന്ന്‌ 10 ദിവസമാക്കും. പൊതുപിഴ 25,000 രൂപയിൽനിന്ന്‌ 10,000 രൂപയായി കുറയ്‌ക്കും. ചെറുകിട സംരംഭകരുടെയും ഇ-കൊമേഴ്‌സ്‌ വിൽപ്പനക്കാരുടെയും നികുതിനടപടി കൂടുതൽ എളുപ്പമാക്കും. 10,000 രൂ‍പയ്‌ക്ക്‌ താഴെയുള്ള കേസുകളിൽ നോട്ടീസ്‌ ഒഴിവാക്കും.


ഇത്തരം കേസുകളിൽ ഇതിനോടകം നൽകിയ നോട്ടീസുകൾ പിൻവലിക്കും. നികുതി വെട്ടിപ്പ്‌ കുറ്റങ്ങൾക്ക്‌ നിർബന്ധമായ കുറഞ്ഞ ശിക്ഷയെന്ന വ്യവസ്ഥ ഒഴിവാക്കും. പിഴ ചുമത്തണോ തടവിലിടണോയെന്ന്‌ കോടതികൾക്ക്‌ തീരുമാനിക്കാം. ജിഎസ്‌ടി നോട്ടീസുകൾക്കും നടപടിക്രമങ്ങൾക്കും ഏകീകൃത രൂപമുണ്ടാക്കും. ജീവനക്കാരുടെ ഇൻഷുറൻസ്‌ പരിരക്ഷയ്‌ക്ക്‌ അടച്ച ജിഎസ്‌ടി ഇൻപുട്ട്‌ ടാക്‌സ്‌ ക്രെഡിറ്റ്‌ (ഐടിസി) തൊഴിലുടമകൾക്ക്‌ അവകാശപ്പെടാൻ സ‍ൗകര്യമുണ്ടാക്കും.


നികുതിദായകരുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള മാർഗങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥസമിതിയെ നിയോഗിക്കും. ഇ‍ൗ സമിതി മൂന്നുമാസത്തിനകം റിപ്പോർട്ട്‌ കൈമാറും. ജിഎസ്‌ടി രജിസ്‌ട്രേഷനും മാറ്റം വരുത്തലും ഉൾപ്പെടെ നടപടിക്രമം കൂടുതൽ കംപ്യൂട്ടർ അധിഷ്‌ഠിതമാക്കും.

​

അന്തർസംസ്ഥാന ചരക്കുനീക്കത്തിനിടെ വാഹനങ്ങൾ തടഞ്ഞ്‌ പരിശോധിക്കാനുള്ള വ്യവസ്ഥകളിലും ജിഎസ്‌ടി ക‍ൗൺസിൽ പ്രധാന മാറ്റങ്ങൾ നിർദേശിച്ചു. കൃത്യമായ ഇന്റലിജൻസ്‌ വിവരങ്ങളുടെ അടിസ്ഥാനത്തിലേ വാഹനങ്ങൾ തടയാവൂ. ജോയിന്റ്‌ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മുൻകൂർ അനുമതി വേണം. ചരക്ക്‌ പുറപ്പെടുന്ന സംസ്ഥാനത്തെയോ എത്തിചേരുന്ന സംസ്ഥാനത്തെയോ ഉദ്യോഗസ്ഥർക്കേ വാഹനം പരിശോധിക്കാനും തടഞ്ഞുവയ്‌ക്കാനും പിടിച്ചെടുക്കാനും സാധിക്കൂ.


മോട്ടോർ വാഹനങ്ങളുടെ ഐടിസി സംബന്ധിച്ച നിർദേശത്തിൽ തീരുമാനമെടുക്കുന്നത്‌ അടുത്ത ക‍ൗൺസിൽ യോഗത്തിലേക്ക്‌ മാറ്റി. പുതിയ ജിഎസ്‌ടി പരിഷ്‌കാരം മാസങ്ങൾക്കുള്ളിൽ പൂർണമായി നടപ്പാക്കാമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ധനമന്ത്രി നിർമലാ സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home