വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസം; നോയിഡയിൽ നവവധു കൊല്ലപ്പെട്ട നിലയിൽ

ഉത്തർപ്രദേശ്: ഗ്രേറ്റർ നോയിഡയിൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുൻപ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മോണിക നഗറിനെയാണ് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ ഭർത്താവും വീട്ടുകാരുമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. മോണിക്കയുടെ പേരിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളുണ്ട്. ഇത് സ്വന്തമാക്കാനായി ഭര്‍ത്താവും വീട്ടുകാരും ചേർന്ന് മകളെ കൊലപ്പെടുത്തിയെന്ന് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.
ഫെബ്രുവരി 17നായിരുന്നു മോണിക്കയും അനൂജ് ചൗഹാനും തമ്മിലുള്ള വിവാഹം നടന്നത്. മെയ് ഏഴിന് ഉച്ചയോടെ താൻ ആക്രമിക്കപ്പെടുന്നുവെന്ന് മോണിക്ക അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ മോണിക്കയെ പ്രതികൾ വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതാണ് കണ്ടത്. പിന്തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും മോണിക്ക മരിച്ചിരുന്നു. തിരികെ പോകുകയായിരുന്ന അനൂജിന്റെ വാഹനം തടയാൻ ശ്രമിച്ച ബന്ധുക്കളെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ നോക്കിയതായും പരാതിയിൽ പറയുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമാകാത്തതിനെത്തുടർന്ന് ആന്തരാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. കേസിലെ പ്രധാന പ്രതിയായ ഭർത്താവ് അനൂജിനും മറ്റ് കുടുംബാംഗങ്ങൾക്കുമായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.










0 comments