ad
Deshabhimani

ലിവിങ്-ഇൻ ബന്ധത്തിൽ കഴിയുന്നവര്‍ക്കും വിവാഹിതരായി കാണിക്കാം; സെൻസസ് മാര്‍ഗ്ഗ നിര്‍ദ്ദേശം

census
വെബ് ഡെസ്ക്

Published on Mar 30, 2026, 12:18 PM | 2 min read

ന്യൂഡൽഹി: രാജ്യത്തെ 16-ാം സെൻസസ് നടപടികൾക്ക് ഏപ്രിൽ ഒന്നിന് തുടക്കമാകും. ഇതിനായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സംശയ നിവാരണ ചോദ്യോത്തരങ്ങളും വകുപ്പ് പുറത്തിറക്കി. ലിവിങ്-ഇൻ റിലേഷൻഷിപ്പിൽ (Live-in Relationship) കഴിയുന്നവർക്കും വിവാഹിതരായി കാണിക്കാം എന്ന് ഇത് വ്യക്തമാക്കുന്നു.


ഒരുമിച്ച് താമസിക്കുന്ന പങ്കാളികൾ തങ്ങളുടെ ബന്ധം സുസ്ഥിരമാണെന്ന് കരുതുന്നുണ്ടെങ്കിൽ അവരെ സെൻസസ് രേഖകളിൽ വിവാഹിതരായി കണക്കാക്കാമെന്നാണ് പറയുന്നത്. സെൽഫ് ഇന്യൂമറേഷൻ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) പോർട്ടലിലെ 'പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ' (FAQs) എന്ന വിഭാഗത്തിലാണ് ഈ മാറ്റം ഉൾപ്പെടുത്തിയിരിക്കുന്നത്.


ലിവിങ് ടുഗദര്‍ ബന്ധങ്ങളിലും ട്രാൻസ് ജെൻഡറുകളുടെ അവകാശങ്ങളിലും ആധുനിക സമൂഹത്തിന് എതിരായതും തികച്ചും വിരുദ്ധമായതുമായ നയമാണ് കേന്ദ്രത്തിലെ എൻഡിഎ സര്‍ക്കാര്‍ പുലര്‍ത്തി പോരുന്നത്. ട്രാൻസ് ജെൻഡര്‍ അവകാശ നിയമ ഭേദഗതി രാജ്യം മുഴുവൻ എതിര്‍പ്പുകൾക്കും വലിയ ചര്‍ച്ചകൾക്കും വഴി തുറന്നരിക്കയാണ്. ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയിൽ നിയമ പോരാട്ടങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്. ഇനിടയിലാണ് സെൻസസിലെ മാറ്റം. സെൻസസിൽ നൽകുന്ന വിവരങ്ങൾ നിയമപരമായ അവകാശമല്ല, മറിച്ച് കണക്കെടുപ്പിന്റെ ഭാഗമായുള്ള ഒരു അടയാളപ്പെടുത്തൽ എന്ന നിലയ്ക്കാണ്.



ആദ്യഘട്ടം ഏപ്രിൽ 1 മുതൽ


രാജ്യത്തെ വീടുകളുടെ പട്ടിക തയ്യാറാക്കുന്ന 'ഹൗസ് ലിസ്റ്റിംഗ്' (Houselisting) നടപടികൾ 2026 ഏപ്രിൽ 1-ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി ഓരോ വീട്ടുകാരും 33 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. വീടിന്റെ സൗകര്യങ്ങൾ, ഉടമസ്ഥാവകാശം, ഗൃഹനാഥന്റെ വിവരങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനം.


പ്രധാന ചോദ്യങ്ങൾ


  • വീടിന്റെ നിർമ്മാണം: തറ, ഭിത്തി, മേൽക്കൂര എന്നിവയ്ക്ക് ഉപയോഗിച്ച വസ്തുക്കൾ.

  • അടിസ്ഥാന സൗകര്യങ്ങൾ: കുടിവെള്ള സ്രോതസ്സ്, വൈദ്യുതി, ശൗചാലയം, അടുക്കള, ഉപയോഗിക്കുന്ന ഇന്ധനം (LPG/PNG).

  • കുടുംബ വിവരങ്ങൾ: വീട്ടിൽ താമസിക്കുന്നവരുടെ എണ്ണം, ഗൃഹനാഥന്റെ പേരും ലിംഗവും, അവർ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടതാണോ എന്നത്.

  • ജീവിതനിലവാരം: വീട്ടിൽ ഉപയോഗിക്കുന്ന പ്രധാന ധാന്യം, കൈവശമുള്ള വാഹനങ്ങൾ (കാർ, ബൈക്ക്, സൈക്കിൾ), ഇന്റർനെറ്റ്, ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവയുടെ ലഭ്യത.


ഡിജിറ്റൽ സെൻസസും സെൽഫ് ഇന്യൂമറേഷനും


ഇത്തവണത്തെ സെൻസസിന്റെ പ്രത്യേകത ജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി രേഖപ്പെടുത്താം എന്നുള്ളതാണ്. ഇതിനെയാണ് 'സെൽഫ് ഇന്യൂമറേഷൻ' എന്ന് വിളിക്കുന്നത്.

  1. പോർട്ടലിൽ കയറി വിവരങ്ങൾ നൽകാം.

  2. വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ ഒരു റഫറൻസ് നമ്പർ ലഭിക്കും.

  3. സെൻസസ് ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ ഈ നമ്പർ നൽകിയാൽ മതിയാകും.

  4. മൊബൈൽ നമ്പറും ഒടിപി വെരിഫിക്കേഷനും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യാം.

രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് പൂർത്തിയാകുന്നത്. ആദ്യ ഘട്ടമായ ഭവന സെൻസസിന് ശേഷം 2027-ഓടെ ജനസംഖ്യാ കണക്കെടുപ്പ് (Population Enumeration) നടക്കും.


കൂടുതൽ വിവരങ്ങൾക്കായി https://censusindia.gov.in എന്ന ഔദ്യോഗിക പോർട്ടലിലെ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. ഏപ്രിൽ 1-ന് നടപടികൾ തുടങ്ങുന്നതോടെയാവും ഈ പോർട്ടലിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകവുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home