നയപ്രഖ്യാപന പ്രസംഗം വായിക്കാതെ തമിഴ്നാട് ഗവർണർ ഇറങ്ങിപ്പോയി

ആർ എൻ രവി (File)
ചെന്നൈ: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപനപ്രസംഗം വായിക്കാതെ തമിഴ്നാട് ഗവർണർ ആർ എൻ രവി ഇറങ്ങിപ്പോയി. ഗവർണർ സഭയിൽനിന്ന് പുറത്തുപോയി കാറിൽ കയറി മടങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ, നിയമസഭയിൽ ദേശീയഗാനത്തെ അപമാനിച്ചുവെന്നും പ്രസംഗത്തിൽ തെറ്റായ വിവരങ്ങളും അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആരോപിച്ച് ലോക്ഭവൻ വാർത്താക്കുറിപ്പ് ഇറക്കി.
ഗവർണറുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. ഗവർണർ മര്യാദ ലംഘിച്ചുവെന്നും സഭയെ മനഃപൂർവ്വം അപമാനിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. സർക്കാർ തയ്യാറാക്കിയ പ്രസംഗത്തിൽ സ്വന്തം അഭിപ്രായങ്ങൾ ഉൾപ്പെടുത്താൻ ഗവർണർക്ക് അവകാശമില്ല. ഗവർണർ സർക്കാരിനെ പിന്തുണയ്ക്കേണ്ടതിന് പകരം എതിരായി പ്രവർത്തിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.
ഗവർണർ വായിക്കാൻ വിസമ്മതിച്ച പ്രസംഗത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് സഭാരേഖകളിൽ ഉൾപ്പെടുത്താനുള്ള പ്രമേയവും തമിഴ്നാട് മുഖ്യമന്ത്രി അവതരിപ്പിച്ചു.











0 comments