print edition വാട്‌സാപ്പിന്റെ യൂസർനെയിം ഫീച്ചറിന് വിലക്ക്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഫോൺ നമ്പർ വെളിപ്പെടുത്താതെ യൂസർനെയിം ഉപയോഗിച്ച് പരസ്‌പരം സംസാരിക്കാനും സന്ദേശം കൈമാറാനും സാധിക്കുന്ന വാട്‌സാപ്പിന്റെ പുതിയ "യൂസർനെയിം' ഫീച്ചറിന് വിലക്കിട്ട് കേന്ദ്ര സർക്കാർ. സ്വകാര്യത, സുരക്ഷാ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ പൂർത്തിയാകുന്നത് വരെ പുതിയ സേവനം ഇന്ത്യയിൽ അവതരിപ്പിക്കരുതെന്ന് കേന്ദ്രസർക്കാർ വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് നിർദ്ദേശം നൽകി. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാൻ മെറ്റയ്ക്ക് നോട്ടീസ് നല‍്കി.
നിലവിൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് വാട്‌സാപ്പിലൂടെയുള്ള ആശയവിനിമയം. ടെലിഗ്രാമിൽ നമ്പർ വെളിപ്പെടുത്താതെ ആശയവിനിമയം സാധ്യമാണ്. യൂസർനെയിം സംവിധാനത്തിലേക്ക് മാറിയില്ലെങ്കിലും ഇഷ്ടമുള്ള യൂസർനെയിം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരം വാട്‌സാപ്പ് വൈകാതെ ലഭ്യമാക്കുമെന്നും റിപ്പോർട്ടുണ്ട്.
ഇൗ സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടൽ. സൈബർ കുറ്റവാളികൾ പുതിയ സേവനം ദുരുപയോഗം ചെയ്യുന്നത് തടയാൻ മതിയായ സുരക്ഷാസംവിധാനം ഇതിലുണ്ടോയെന്നും, വ്യാജ അക്കൗണ്ടുകൾ കണ്ടെത്തുന്നത് ഇത് കൂടുതൽ ബുദ്ധിമുട്ടാക്കുമോയെന്നുമാണ് അധികൃതർ പരിശോധിക്കുന്നത്. ഈ പുതിയ ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുക, ഉപയോക്താക്കളെ സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏതെല്ലാം, ദുരുപയോഗങ്ങൾ തടുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളിലാണ് കേന്ദ്രം മെറ്റയോട് വിശദീകരണം തേടിയത്.
ഇന്ത്യയിൽ സൈബർ തട്ടിപ്പുകൾ കുത്തനെ വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. വ്യാജ നിക്ഷേപ പദ്ധതികൾ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, ആൾമാറാട്ടം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് തട്ടിപ്പുകാർ വാട്സാപ്പ് അടക്കമുള്ളവയെ ദുരൂപയോഗം ചെയ്യാറുണ്ട്. യൂസർനെയിമുകളിലൂടെ ആശയവിനിമയം നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നത് കുറ്റവാളികളെ കണ്ടെത്താൻ പുതിയ വെല്ലുവിളി സൃഷ്ടിക്കുമോ എന്നാണ് അധികൃതർ വിലയിരുത്തുന്നത്.











0 comments