പാൽഘറിൽ രാസശാലയിൽ വാതകച്ചോർച്ച; വൻ ദുരന്തം ഒഴിവായി

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുള്ള ബോയിസർ താരപൂർ വ്യവസായ മേഖലയിലെ രാസനിർമ്മാണ ശാലയിൽ വാതകച്ചോർച്ച. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അപ്രതീക്ഷിതമായി ഉണ്ടായ വാതകച്ചോർച്ച പരിഭ്രാന്തി പരത്തിയെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
യൂണിറ്റിലെ സ്റ്റോറേജ് ടാങ്കുകളിൽ ഒന്നിൽ നിന്നാണ് ചോർച്ചയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്‌സും ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമും സ്ഥലത്തെത്തി ചോർച്ച നിയന്ത്രണവിധേയമാക്കി.
മുൻകരുതൽ നടപടിയായി ഫാക്ടറിയിലെ തൊഴിലാളികളെയും സമീപത്തുള്ളവരെയും ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സാങ്കേതിക തകരാറാണോ അതോ സുരക്ഷാ വീഴ്ചയാണോ സംഭവത്തിന് പിന്നിലെന്ന് അധികൃതർ അന്വേഷിച്ചു വരികയാണ്.
നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.










0 comments