ad
Deshabhimani

കശ്മീരിൽ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച; സമതലങ്ങളിൽ മഴ പെയ്യുന്നു

kashmir snowfall
വെബ് ഡെസ്ക്

Published on Apr 04, 2026, 03:23 PM | 2 min read

ശ്രീന​ഗർ : ശനിയാഴ്ച കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും പുതിയ മഞ്ഞുവീഴ്ചയുണ്ടായി. സമതലങ്ങളിൽ മഴ പെയ്തതിനെ തുടർന്ന് താപനില കുറഞ്ഞതായി അധികൃതർ പറഞ്ഞു. മഞ്ഞുവീഴ്ച കാരണം ജമ്മു കശ്മീരിലെ നിരവധി പ്രധാന അന്തർ ജില്ലാ റോഡുകൾ അടച്ചിട്ടതായി അധികൃതർ പറഞ്ഞു.


വരുന്ന ആഴ്ച ഒറ്റപ്പെട്ട ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നും ചില ദുർബല പ്രദേശങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കുപ്‌വാരയിലെ സാധന ടോപ്പ്, മറ്റ് ഉയർന്ന പ്രദേശങ്ങൾ, ഷോപ്പിയാനിലെ മുഗൾ റോഡ്, അനന്ത്‌നാഗിനെ കിഷ്ത്വാറുമായി ബന്ധിപ്പിക്കുന്ന മാർഗൻ ടോപ്പ്, ബന്ദിപ്പോര ജില്ലയിലെ റസ്ദാൻ ടോപ്പ്, ഗുരെസ്, തുലൈൽ എന്നിവിടങ്ങളിൽ രാത്രിയിൽ പുതിയ മഞ്ഞുവീഴ്ചയുണ്ടായി.


ഗുൽമാർഗ് ടൂറിസ്റ്റ് റിസോർട്ടിലെ അഫർവാട്ട് പർവതം, സോനാമാർഗ്- സോജില പാസ് എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി. ശ്രീനഗർ ഉൾപ്പെടെയുള്ള സമതലങ്ങളിൽ മഴ ലഭിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു. മഴയുള്ള കാലാവസ്ഥ കാരണം താഴ്‌വരയിലുടനീളം പകൽ താപനില കുറഞ്ഞു. മഞ്ഞുവീഴ്ചയും മഴയും മൂലം ജമ്മു- കശ്മീരിലെ നിരവധി പ്രധാന റൂട്ടുകൾ അടച്ചു. മഞ്ഞ് അടിഞ്ഞുകൂടിയതിനാൽ മുഗൾ റോഡ്, സിന്താൻ ടോപ്പ്, ബന്ദിപ്പോര-ഗുരെസ് റോഡ് എന്നിവ അടച്ചിട്ടതായി അധികൃതർ പറഞ്ഞു.


സോജില ചുരത്തിൽ മഞ്ഞുവീഴ്ച കൂടിയതിനാൽ ശ്രീനഗർ- ലേ ദേശീയ പാതയും അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ശനി രാത്രി വരെ ഇടിമിന്നലോ ആലിപ്പഴ വർഷമോ ശക്തമായ കാറ്റോ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വൈകുന്നേരം മുതൽ കാലാവസ്ഥയിൽ ക്രമേണ പുരോഗതി ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.


ഞായറാഴ്ചയും തിങ്കളാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 7, 8 തിയതികളിൽ പലയിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴയോ മഞ്ഞുവീഴ്ചയും ഉയർന്ന പ്രദേശങ്ങളിൽ ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാം. ഏപ്രിൽ 7-8 തീയതികളിൽ ജമ്മു-കാശ്മീരിന്റെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.


ഏപ്രിൽ 9 മുതൽ 11 വരെ ഉയർന്ന പ്രദേശങ്ങളിൽ നേരിയ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഏപ്രിൽ 12 മുതൽ കുറച്ച് ദിവസത്തേക്ക് കാലാവസ്ഥ വരണ്ടതായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home