രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തി

ജയ്പുർ: രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎ അതർ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തി. ഭരത്പൂർ ജില്ലയിലെ ഭോണ്ട ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഹരിയാന സ്വദേശിയായ അദ്ദേഹം 2003 മുതൽ 2008 വരെ ബയാന നിയമസഭാ മണ്ഡലത്തിൽ എംഎൽഎയായിരുന്നു.
അതർ സിങ് ഭദാനയുടെ ഭാര്യയുടെ പേരിലുള്ള ക്രഷർ പ്ലാന്റിനെതിരെ രണ്ട് വർഷത്തോളമായി പ്രദേശവാസികൾ സമരത്തിലായിരുന്നു. ഖനന പ്രദേശത്തേക്ക് വാഹനങ്ങൾ കടന്നുപോകുന്നത് കന്നുകാലികൾക്കുള്ള മേച്ചിൽപ്പുറങ്ങൾ വഴിയാണെന്ന് ആരോപിച്ചാണ് ഗ്രാമവാസികൾ പ്രക്ഷോഭം നടത്തിയിരുന്നത്. പ്രതിഷേധത്തിനിടെ കോടതിയിൽ നിന്നും അനുമതി വാങ്ങി കഴിഞ്ഞ ദിവസം ക്രഷർ യൂണിറ്റ് പ്രവർത്തനം തുടരുകയായിരുന്നു. ഇതോടെ ഞായറാഴ്ച വൈകിട്ട് ക്രഷർ പ്ലാന്റിൽ എത്തിയ എംഎൽഎയെ ഗ്രാമവാസികൾ ഒത്തുകൂടി ലാത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അതർ സിങ് ഭദാനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരക്ഷാ ജീവനക്കാരനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ പൊലീസ് ശക്തമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.









0 comments