തമിഴ്നാട്ടിൽ ഡീസലുമായി പോയ ഗുഡ്സ് ട്രെയിന് തീപിടിച്ചു; എട്ട് സർവ്വീസുകൾ റദ്ദാക്കി

ചെന്നൈ: തമിഴ്നാട്ടിൽ ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടം. ഡീസലുമായി പോയ ഗുഡ്സ് ട്രെയിനിനാണ് തീപിടിച്ചത്. തമിഴ്നാട്ടിലെ തിരുവള്ളൂർ റെയിൽവെ സ്റ്റേഷന് സമീപത്തു വച്ചായിരുന്നു അപകടം. ട്രെയിനിൻറെ അഞ്ച് ബോഗികളിൽനിന്ന് തീ ആളിക്കത്തി. പുലർച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. അഞ്ച് ബോഗികളിൽ വലിയ തോതിൽ തീപിടിത്തമുണ്ടായി. തീപിടിത്തത്തെ തുടർന്ന് പ്രദേശമാകെ പുക പരന്നു. സംഭവത്തെ തുടർന്ന് പാതയിലെ റെയിൽവെ ഗതാഗതം താറുമാറായി. പത്തിലധികം ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയത്.
മറ്റ് ബോഗികളിലേക്ക് പടരാതെ തീ വിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി. തീപിടിച്ച് ആളിക്കത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ആളപായമോ ചുറ്റുമുള്ള വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മണാലിയിൽ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. തീപിടിച്ചതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെത്തുടർന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. തിരുവള്ളൂർ വഴിയുള്ള എട്ട് ട്രെയിനുകൾ റദ്ദാക്കി. ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം നടക്കുകയാണ്.










0 comments