ഡൽഹിയിലെ ദാബ്രിയിൽ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ദാബ്രിയിലുള്ള എഎസ് ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ ഇലക്ട്രിക്കൽ മീറ്ററിലും പാനലിലും തീപിടിത്തമുണ്ടായതിനെത്തുടർന്ന് പത്തിലധികം രോഗികളെ ഒഴിപ്പിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. ആർക്കും പരിക്കുകളില്ലെന്നാണ് വിവരം.
ഞായറാഴ്ച രാത്രി 10.25 ഓടെയാണ് ഡാബ്രി-പാലം റോഡിലെ എഎസ് മൾട്ടി കിഡ്നി ഹോസ്പിറ്റലിൽ തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) പറഞ്ഞു. മൂന്ന് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയതായി ഡിഎഫ്എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തീപിടിത്തമുണ്ടായ ഉടൻ തന്നെ രോഗികളെ ഒഴിപ്പിച്ചു.
പ്രാഥമിക അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ ആശുപത്രിക്കുള്ളിൽ 15 ലധികം രോഗികൾ ഉണ്ടായിരുന്നു. എല്ലാ രോഗികളെയും ഉടൻ തന്നെ ഒഴിപ്പിച്ചതിനാൽ അപകടം ഒഴിവായി.










0 comments