ad
Deshabhimani

മകനെ കൊലപ്പെടുത്തി വീടിനുള്ളിൽ ഒളിപ്പിച്ചു; യുപിയിൽ പിതാവ് അറസ്റ്റിൽ

murder
വെബ് ഡെസ്ക്

Published on May 26, 2026, 09:53 AM | 1 min read

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ അച്ഛനും മകനും തമ്മില്‍ മദ്യപിച്ചുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. സംഭവത്തില്‍ മുപ്പതുകാരനായ മുനിഷാണ് കൊല്ലപ്പെട്ടത്. പിതാവ് ദയാ റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. 


ഞായറാഴ്ച രാവിലെ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാകുകയും മുനിഷ് പിതാവിനെ മർദ്ദിക്കുകയുമായിരുന്നു. ഇതിൽ പ്രകോപിതനായ ദയാ റാം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മകനെ ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ മുനിഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു.


കൊലപാതകത്തിന് ശേഷം സംഭവം പുറംലോകമറിയാതിരിക്കാൻ ദയാ റാം മകന്റെ മൃതദേഹം വീടിനുള്ളിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു. എന്നാൽ, മുനീഷിന്റെ പെട്ടെന്നുള്ള കാണാതാകല്‍ ഗ്രാമവാസികൾക്കിടയിൽ സംശയത്തിന് ഇടയാക്കി. തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ ദയാ റാമിന്റെ സഹോദരി ഭിര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.


പൊലീസ് സ്ഥലത്തെത്തി പിതാവിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്. താന്‍ മകനെ കൊലപ്പെടുത്തി, മൃതദേഹം വീടിനുള്ളില്‍ ഒളിപ്പിച്ചുവെന്ന് പിതാവ് പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തു. പ്രതിക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home