print edition യുജിസി നെറ്റിലെ പിഴച്ച ചോദ്യങ്ങൾ എഐ നിർമിതം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : യുജിസി നെറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയത് നിര്‍മിതബുദ്ധി സാങ്കേതികവിദ്യ (എഐ) ഉപയോഗിച്ചെന്ന് റിപ്പോർട്ട്. അടുത്തകാലം വരെ എൻടിഎയുമായി സഹകരിച്ച വിഷയ വിദഗ്‌ധരുടേതാണ് വെളിപ്പെടുത്തൽ.
അശാസ്‌ത്രീയ രീതിയില്‍ തയ്യാറാക്കിയ എഐ ഉള്ളടക്കം വേണ്ടത്ര പരിശോധിക്കാതെ ഉപയോഗിച്ചതിനാലാണ് ഗുരുതരമായ തെറ്റുണ്ടാകുന്നതെന്നും വിലയിരുത്തുന്നു. നീറ്റ് യുജി ചോദ്യം തയ്യാറാക്കുന്നതിലും എഐ ഉപയോഗിച്ചതായി വിദഗ്‌ധർ ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു. നെറ്റ്, നീറ്റ് ചോദ്യപേപ്പറുകൾ പരിഭാഷപ്പെടുത്താനും എഐയെ ആശ്രയിച്ചു.
ഇംഗ്ലീഷ്, കോമേഴ്‌സ്, സോഷ്യോളജി നെറ്റ് ചോദ്യപേപ്പറുകളിൽ ഗുരുതര അബദ്ധം കടന്നുകൂടി. തുടർന്ന് ഇൗ വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ എൻടിഎ നിർബന്ധിതരായി. വസ്‌തുതാപരമായ പിശകുകൾ, അക്ഷരത്തെറ്റുകൾ, വിവർത്തനത്തിലെ പിശകുകൾ, പുസ്‌തകങ്ങളുടെയും ചിന്തകരുടെയും പേരുകളിലെ തെറ്റ്, അവ്യക്തമായ ഉത്തര സാധ്യത, ചോദ്യങ്ങളുടെ ആവർത്തനം തുടങ്ങി വ്യാപക അബദ്ധങ്ങളാണുണ്ടായിരുന്നത്. വിദഗ്‌ധരുടെ ആരോപണം എൻടിഎ തള്ളിയെങ്കിലും ഗുരുതര പിഴവുകൾ എങ്ങനെ സംഭവിച്ചുവെന്ന് വിശദീകരിക്കാൻ എൻടിഎ തയ്യാറായിട്ടില്ല.










0 comments