പിഎഫ് പെൻഷൻകാർക്ക് ആശ്വാസം; ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഇനി വീട്ടിലെത്തും

ന്യൂഡൽഹി: ഇപിഎസ്-95 പദ്ധതിക്ക് കീഴിലുള്ള ലക്ഷക്കണക്കിന് പെൻഷൻകാർക്ക് വലിയ ആശ്വാസവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനായി ഇനി പെൻഷൻകാർ ബാങ്കുകളിലോ ഇപിഎഫ്ഒ ഓഫീസുകളിലോ ക്യൂ നിൽക്കേണ്ടതില്ല.
ഇതിനായി തികച്ചും സൗജന്യമായ 'വീട്ടുപടിക്കൽ സേവനം' ആരംഭിച്ച് ഇപിഎഫ്ഒ. പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും ലളിതമായി മസ്റ്ററിങ് പൂർത്തിയാക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ നീക്കം. ഫേഷ്യൽ ഓതന്റിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്.
പെൻഷൻകാർക്ക് സ്വന്തം സ്മാർട്ട്ഫോൺ ഉപയോഗിച്ച് തന്നെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. ഇതിനായി 'ആധാർഫേസ്ആർഡി' ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. ഇപിഎഫ്ഒ ഓഫീസുകളിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ടെത്തിയും ഈ സേവനം നൽകും. ഇതിന് യാതൊരുവിധ ഫീസും ഈടാക്കില്ല.
സ്മാർട്ട്ഫോൺ ഇല്ലാത്തവർക്ക് അടുത്തുള്ള സിഎസ്സി കേന്ദ്രങ്ങൾ വഴിയോ പോസ്റ്റ് ഇൻഫോ ആപ്പ് വഴി പോസ്റ്റ്മാന്റെ സഹായത്തോടെയോ വീട്ടിലിരുന്ന് തന്നെ മസ്റ്ററിങ് നടത്താം. മുൻപ് നവംബർ മാസത്തിൽ മാത്രം നൽകേണ്ടിയിരുന്ന ലൈഫ് സർട്ടിഫിക്കറ്റ് ഇപ്പോൾ വർഷത്തിൽ എപ്പോൾ വേണമെങ്കിലും സമർപ്പിക്കാം.
സമർപ്പിച്ച തീയതി മുതൽ ഒരു വർഷത്തേക്കാണ് ഇതിന് കാലാവധി ലഭിക്കുക. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിലൂടെ പെൻഷൻ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാമെന്ന് ഇപിഎഫ്ഒ അറിയിച്ചു.










0 comments