ഇനി പിഎഫ് തുക യുപിഐ വഴി പിൻവലിക്കാം; ഏപ്രിലിൽ പ്രാബല്യത്തിൽ വരും

ന്യൂഡൽഹി: ഇപിഎഫ്ഒ വരിക്കാർക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട് തുക ഇനി യുപിഐ വഴി അതിവേഗം പിൻവലിക്കാം. ഇപിഎഫ്ഒയുടെ പുതിയ സാങ്കേതിക പരിഷ്കരണമായ 'ഇപിഎഫ്ഒ 3.0'-യുടെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം നടപ്പിലാക്കുന്നത്.
2026 ഏപ്രിലോടെ ഈ സംവിധാനം പൂർണ്ണമായി പ്രവർത്തനസജ്ജമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പിഎഫ് തുക പിൻവലിക്കാൻ ഓൺലൈനായി ക്ലെയിം ഫയൽ ചെയ്ത് ദിവസങ്ങളോളം കാത്തിരിക്കേണ്ടതുണ്ട്.
എന്നാൽ യുപിഐ സംവിധാനം വരുന്നതോടെ അംഗങ്ങൾക്ക് തങ്ങളുടെ അക്കൗണ്ടിലെ തുക നിമിഷങ്ങൾക്കുള്ളിൽ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കും. കൂടാതെ എടിഎം കാർഡുകൾ വഴി നേരിട്ട് പണം പിൻവലിക്കാനുള്ള സൗകര്യവും ഇതോടൊപ്പം ഒരുങ്ങുന്നുണ്ട്.
ക്ലെയിമുകൾ തീർപ്പാക്കാൻ എടുക്കുന്ന സമയം മണിക്കൂറുകളോ മിനിറ്റുകളോ ആയി ചുരുങ്ങും. യുപിഐ ആപ്പുകൾ വഴി നിശ്ചിത തുക (പ്രാരംഭത്തിൽ 25,000 രൂപ വരെ) നേരിട്ട് പിൻവലിക്കാം. അക്കൗണ്ടിലെ തുകയുടെ 75 ശതമാനം വരെ ഇത്തരത്തിൽ പിൻവലിക്കാൻ സാധിക്കും.
ബാക്കി 25 ശതമാനം തുക അക്കൗണ്ടിൽ നിലനിർത്തണം. ജോലി മാറുമ്പോൾ പിഎഫ് തുക പഴയ അക്കൗണ്ടിൽ നിന്ന് പുതിയ അക്കൗണ്ടിലേക്ക് സ്വയം മാറുന്ന സംവിധാനവും ഇപിഎഫ്ഒ 3.0-ൽ ഉണ്ടാകും.
പിഎഫ് അക്കൗണ്ട് ഒരു ബാങ്ക് അക്കൗണ്ട് പോലെ ലളിതമായി ഉപയോഗിക്കാൻ വരിക്കാരെ സഹായിക്കുക എന്നതാണ് ഈ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നീ ഐടി കമ്പനികളുടെ സഹായത്തോടെയാണ് പുതിയ സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ ഇപിഎഫ്ഒ തയ്യാറാക്കുന്നത്.









0 comments