print edition ഇപിഎഫ്; യുപിഐ വഴി പണം പിൻവലിക്കാം; വാട്‌സാപ് സേവനം ഒരു മാസത്തിനകം

കൊല്ലം: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാർക്ക് പിഎഫ് തുക യുപിഐ പേയ്‌മെന്റ് ഗേറ്റ്‌വേ വഴി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പിൻവലിക്കാനാകും. ഇതിനുള്ള സാങ്കേതിക പരീക്ഷണങ്ങൾ പൂർത്തിയായതായി കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഏഴുകോടിയിലധികം വരുന്ന ഇപിഎഫ്ഒ വരിക്കാർക്ക് ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് ചുവടുവയ്‌പ്.
നിലവിൽ പിഎഫ് തുക പിൻവലിക്കാനുള്ള അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിന് വലിയ കാലതാമസം നേരിടുന്നു.
എന്നാൽ, പുതിയ സംവിധാനത്തിൽ, വരിക്കാർക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്ന ഇപിഎഫ് ബാലൻസ് തുക കൃത്യമായി കാണാനാകും. ലിങ്ക് ചെയ്ത യുപിഐ പിൻ ഉപയോഗിച്ച് സുരക്ഷിതമായി തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം.
ഓട്ടോ സെറ്റിൽമെന്റ് വഴി നിലവിൽ മൂന്നുദിവസത്തിനകം പണം ലഭിക്കാനുള്ള പരിധി ഒരു ലക്ഷത്തിൽനിന്ന് അഞ്ചുലക്ഷം രൂപയായി നേരത്തെ ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യുപിഐ സംവിധാനവും എത്തുന്നത്.
പിഎഫ് വരിക്കാരിലേക്ക് സേവനങ്ങൾ വേഗത്തിൽ എത്തിക്കാനായി വാട്‌സാപ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാനും ഇപിഎഫ്ഒ പദ്ധതിയിടുന്നു. ഒരു മാസത്തിനുള്ളിൽ ഈ സേവനം നിലവിൽ വരും.
ഇപിഎഫ്ഒയുടെ ഗ്രീൻ ടിക് മാർക്കുള്ള ഔദ്യോഗിക വാട്‌സാപ് നന്പരിലേക്ക് ഹലോ എന്ന് ടൈപ്പ് ചെയ്ത് അയച്ച് വരിക്കാർക്ക് സംശയനിവാരണം നടത്താം. വരിക്കാരുടെ സൗകര്യാർഥം മലയാളം ഉൾപ്പെടെ പ്രാദേശിക ഭാഷകളിൽ ഈ വാട്‌സാപ് സേവനം ലഭ്യമാകും. 24 മണിക്കൂറും പ്രവർത്തിക്കും.









0 comments