ad
Deshabhimani

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

madhav gadgil
വെബ് ഡെസ്ക്

Published on Jan 08, 2026, 07:21 AM | 1 min read

പൂനെ: പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി അദ്ധ്യക്ഷനും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ പ്രൊഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി പൂനെയിലാണ് അന്ത്യം. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനെയിലെ പ്രയാ​ഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കുടുംബമാണ് മരണവിവരം സ്ഥിരീകരിച്ചത്. ഇന്ന് വൈകിട്ട് നാലിന് സംസ്കാരം.


ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ അടിത്തറ പാകിയ വ്യക്തിത്വമാണ് മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ട മേഖലയിലെ അനിയന്ത്രിതമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വലിയ വിനാശങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. 2011ലാണ് പശ്ചിമ ഘട്ട മലനിരകളെക്കുറിച്ച് വിദഗ്ദ പഠനം നടത്തി ഗാഡ്ഗിൽ റിപ്പോർട്ട് സമർപ്പിച്ചത്.


പൂനെ സർവകലാശാലയിൽ നിന്നും മുംബൈയിൽ നിന്നും ജീവശാസ്ത്രത്തിൽ ഉപരിപഠനം പൂർത്തിയാക്കിയ മാധവ് ഗാഡ്‌ഗിൽ, തുടർന്ന് ഹാർവാഡ് സർവകലാശാലയിൽ നിന്ന് ഗണിതപരിസ്ഥിതിശാസ്ത്രത്തിൽ (Mathematical Ecology) ഡോക്ടറേറ്റ് കരസ്ഥമാക്കി. ഹാർവാഡിലെ പഠനകാലത്ത് അദ്ദേഹം ഐബിഎം (IBM) ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ, അവിടെ അപ്ലൈഡ് മാത്തമാറ്റിക്സിൽ റിസർച്ച് ഫെലോയായും ജീവശാസ്ത്ര വിഭാഗത്തിൽ അധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.


1973 മുതൽ 2004 വരെ ബങ്കളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അദ്ധ്യാപകനായിരുന്നു. സ്റ്റാൻഫോഡിലും ബെർക്‌ലിയിലെ കാലിഫോണിയ സർവകലാശാലയിലും വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. 2002-ലെ ഇന്ത്യയുടെ ജൈവവൈവിധ്യ നിയമത്തിന് (Biological Diversity Act, 2002) രൂപം നൽകിയ വിദഗ്ദ്ധ സമിതിയിലെ അംഗമായിരുന്നു ഡോ. മാധവ് ഗാഡ്‌ഗിൽ.


1986 മുതൽ 1990 വരെയുള്ള കാലയളവിൽ പ്രധാനമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേശക സമിതി അംഗമായും, 1998 മുതൽ 2002 വരെ അന്താരാഷ്ട്ര ശാസ്ത്ര-സാങ്കേതിക ഉപദേശക സമിതി അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ നാഷണൽ സയൻസ് അക്കാഡമി, തേഡ് വേൾഡ് അക്കാഡമി ഓഫ് സയൻസസ് എന്നിവയിൽ ഫെല്ലോ ആയ അദ്ദേഹം, അമേരിക്കൻ ദേശീയ ശാസ്ത്ര അക്കാഡമിയുടെ വിദേശ അസോസ്സിയേറ്റായും ബ്രിട്ടീഷ്, അമേരിക്കൻ പാരിസ്ഥിതിക സൊസൈറ്റികളിൽ വിശിഷ്ടാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പദ്‌മശ്രീ, പദ്‌മഭൂഷൻ പുരസ്കാരങ്ങൾ നൽകി രാജ്യം മാധവ് ​ഗാഡ്​ഗിലിനെ ആദരിച്ചിട്ടുണ്ട്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home