ഇന്ത്യക്കാര്‍ക്ക് ആശ്വാസമേകി എമിറേറ്റ്സിൻ്റെ വമ്പൻ പ്രഖ്യാപനം; ഇനി വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാം

ന്യൂഡൽഹി: ഇന്ത്യൻ യാത്രക്കാർക്ക് എമിറേറ്റ്സിൻ്റെ വമ്പൻ പ്രഖ്യാപനം. വിമാന ടിക്കറ്റ് നിരക്കുകൾ മാസ തവണകളായി അടയ്ക്കാനുള്ള ഫ്ലെക്സിബിൾ ഇഎംഐ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ അന്താരാഷ്ട്ര എയർലൈൻസായ എമിറൈറ്റ്സ്.
ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുഴുവൻ തുകയും ഒന്നിച്ച് നൽകുന്നതിന് പകരം ബഡ്ജറ്റിന് അനുസരിച്ച് പ്രതിമാസ തവണകളായി നൽകാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. എമിറേറ്റ്സിൻ്റെ ആഗോള ശൃംഖലയിലുള്ളവർക്ക് ബിസിനസ് ആവശ്യങ്ങൾക്കും വിനോദയാത്രകൾക്കുമായി പോകുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ടിക്കറ്റ് തുക മൂന്ന് മാസം മുതൽ മുപ്പത്തിയാറ് മാസം വരെയുള്ള വിവിധ പേയ്മെൻ്റ് കാലാവധികളിലേക്ക് വിഭജിച്ച് അടയ്ക്കാവുന്നതാണ്. എമിറേറ്റ്സിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ഈ പുതിയ പേയ്മെൻ്റ് ആനുകൂല്യം ലഭ്യമാകും.
ഇന്ത്യയിലെ പ്രമുഖ പന്ത്രണ്ട് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഇഎംഐ സൗകര്യം ലഭിക്കുക. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച് ഡിഎഫ്സി ബാങ്ക്, എച്ച്എസ്ബിസി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആർബിഎൽ ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയാണ് ഈ പദ്ധതിയോട് സഹകരിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ.










0 comments