print edition വിശ്വാസ്യത തകർന്നു

റിതിൻ പൗലോസ്
Published on Oct 07, 2026, 12:00 AM | 1 min read
ന്യൂഡൽഹി: എസ്‌ഐആർ നടപടിക്കിടെ പാർലമെന്റിനെ മറികടന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഫോം 6 ൽ വരുത്തിയ ഭേദഗതി അംഗീകരിച്ചിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെയും കമീഷന്റെയും വിശ്വാസ്യത തകർന്നു. വോട്ടർപട്ടികയിൽനിന്ന് ആളുകളെ കൂട്ടത്തോടെ പുറത്താക്കാൻ ലക്ഷ്യമിടുന്ന ബിജെപി സർക്കാരിനുള്ള പ്രഹരംകൂടിയാണ് കോടതി പരാമർശം.
ബിഹാറിലെ എസ്‌ഐആർ ശരിവച്ച വിധിയിൽ ഭേദഗതി ചെയ്‌ത ഫോം 6 കോടതി അംഗീകരിച്ചതാണെന്ന കമീഷൻ പ്രസ്‌താവന കള്ളമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മാതാപിതാക്കളോ കുടുംബാംഗങ്ങളോ മുത്തശ്ശിയോ മുത്തശ്ശനോ പതിറ്റാണ്ടുകൾക്കുമുന്പ് നടത്തിയ തീവ്ര പരിഷ്‌കരണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സത്യവാങ്‌മൂലം പുതിയ വോട്ടർമാർ നൽകണമെന്നാണ് രഹ്യമായി വരുത്തിയ ദേഭഗതി. പ്രായപൂർത്തിയായ പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുന്നതിൽനിന്ന് തടയുകയാണ് കമീഷൻ. രാജ്യത്താകെ കേന്ദ്രസർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് വിദ്യാർഥികളും യുവജനങ്ങളും നേതൃത്വം നൽകുന്നതിനിടെ അവരുടെ വോട്ടവകാശം കമീഷൻ തടയുന്നത് ബിജെപിയുടെ രാഷ്‌ട്രീയ തിരിച്ചടി ഒഴിവാക്കാനാണെന്നാണ് പ്രധാന ആക്ഷേപം. യുവജനങ്ങളെ വോട്ടവകാശമില്ലാത്ത രണ്ടാംതരം പൗരന്മാരാക്കി മാറ്റുകയാണ് കമീഷൻ.
സത്യവാങ്‌മൂലം പൂർത്തിയാക്കിയാലേ അപേക്ഷയുടെ അടുത്ത ഘട്ടത്തിലേയ്‌ക്ക് പോകാനാകൂ. ഇത് കമീഷന്റെ ഐടി വിഭാഗം ഒരുക്കിയ കുരുക്കാണ്. ബംഗാളിലെ 18 –19 വയസുകാരിൽ 23.5 ശതമാനം മാത്രമാണ് പട്ടികയിലുള്ളത്. 7.26 ലക്ഷം അപേക്ഷകൾ തള്ളിയപ്പോൾ 4,86,395 എണ്ണം പരിഗണിച്ചില്ല. കമീഷൻ ബോധപൂർവം സൃഷ്‌ടിച്ച രേഖകളുടെ ആധിക്യം അവരെ പുറത്തുനിർത്തി. ബിഹാറിൽ പേര് കൂട്ടിച്ചേർക്കാനും ഫോമിനെ വഴിവിട്ട് കമീഷൻ ഉപയോഗിച്ചു. ഫോം 6ലൂടെയുള്ള ദേശീയാടിസ്ഥാനത്തിലുള്ള ഉൾപ്പെടുത്തലുകൾ സംബന്ധിച്ച് സമഗ്ര കണക്ക് കമീഷൻ പുറത്തുവിടാത്തതും ദുരൂഹതയുയർത്തുന്നു.









0 comments