വിനോദയാത്രയ്‌ക്കെത്തിയ എട്ട് വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു

മുംബൈ: എട്ട് വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ദിവേആഗർ കടൽത്തീരത്താണ് സംഭവം. പൂനെയിൽ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ 16 വയസ്സുള്ള വിദ്യാർഥികളാണ് മുങ്ങിമരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
പൂനെ ജില്ലയിലെ അലന്ദിയിലുള്ള 'വിന്നേഴ്സ് അക്കാദമി' എന്ന സ്വകാര്യ കോച്ചിംഗ് സെന്ററിൽ നിന്നുള്ള 48 അംഗ സംഘമാണ് വിനോദയാത്രയ്ക്കായി ദിവേആഗറിലെത്തിയത്. 25 ആൺകുട്ടികളും 17 പെൺകുട്ടികളും 6 അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം.
തന്മയ് ദത്താത്രേയ വഹിലെ, സുമിത് ഭാരത് ആഹിരെ, പ്രണവ് രാംദാസ് ബൻസോഡെ, കൈവല്യ സതീഷ് വസങ്കർ, രാജ്‌വീർ യുവരാജ് വഹിലെ,
യാഷ് കിരൺ വാങ്കഡെ, സോഹം തുകാറാം ഭണ്ഡവൽക്കർ, കൗസ്തുഭ് സന്ദീപ് ദൗണ്ട് എന്നിവരാണ് മരിച്ചത്.
വൈകുന്നേരം 5.30 ഓടെ കടൽത്തീരത്തെത്തിയ വിദ്യാർഥികളിൽ എട്ടുപേർ കടലിലിറങ്ങുകയായിരുന്നു. വെള്ളത്തിന്റെ ആഴവും കടലിലെ ശക്തമായ ഒഴുക്കും കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ പോയതാണ് കുട്ടികൾ ഒഴുക്കിൽപ്പെടാൻ കാരണമായതെന്ന് പൊലീസ് അറിയിച്ചു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് എട്ടുപേരുടെയും മൃതദേഹങ്ങൾ കടലിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.
വിവരമറിഞ്ഞ് ദിഗി സാഗരി ബോർലി പഞ്ചതൻ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സന്തോഷ് ആവതിയും സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ബോർലി പഞ്ചതനിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.









0 comments