ഡിവൈഎഫ്‌ഐ ഡൽഹി ചലോ മാർച്ച് ഇന്ന്
print edition അനുമതി നിഷേധിച്ച് പൊലീസ്; ജന്തർമന്തറിൽ യുവജനരോഷം ഇരമ്പും

ന്യൂഡൽഹി: ഡിവൈഎഫ്‌ഐ ഗാന്ധിജയന്തിദിനത്തില്‍ നടത്താനിരുന്ന ഡൽഹി ചലോ മാർച്ചിന് അനുമതി നിഷേധിച്ച് പൊലീസ്. അനുമതിയില്ലെങ്കിലും വെള്ളിയാഴ്‌ച ജന്തർമന്തറിൽ മാർച്ച് സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ പ്രസിഡന്റ് എ എ റഹിം എംപിയും ജനറൽ സെക്രട്ടറി ഹിമാഗ്‌നരാജ് ഭട്ടചാര്യയും അറിയിച്ചു. എസ്‌എഫ്‌ഐയും പ്രതിഷേധത്തിന്റെ ഭാഗമാവും.
കേരളത്തിൽ നിന്നുൾപ്പെടെ ആയിരങ്ങൾ മാർച്ചിൽ അണിനിരക്കും. ‘ജോബ് ചോരി, വോട്ട് ചോരി’ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തും. സ്ഥിരം തൊഴിൽ നല്‍കുക, നിയമനം സുതാര്യമാക്കുക, പരീക്ഷാസംവിധാനം പരിഷ്‌കരിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, 200 തൊഴിൽദിനങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും.
കഴിഞ്ഞ മാസം ആദ്യം തന്നെ മാർച്ച് നടത്താൻ അനുമതിതേടി സംഘടന ഡൽഹി പൊലീസിനെ സമീപിച്ചിരുന്നു. ജന്തർമന്തറിൽ മാർച്ച് നടത്താനാണ് ആദ്യം അനുമതി തേടിയത്. നിഷേധിച്ചതോടെ ഷഹീദി പാർക്കിൽ സമരം നടത്താൻ നിവേദനം നല്‍കി. ഇതും നിഷേധിച്ചതായി വ്യാഴാഴ്‌ച പൊലീസ് അറിയിക്കുകയായിരുന്നു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പ്രതിഷേധത്തിൽ അണിചേരുമെന്നും ജനാധിപത്യപരമായ പ്രതിഷേധത്തെ ഇല്ലാതാക്കാനാണ് ഡൽഹി പൊലീസ് ശ്രമിക്കുന്നതെന്നും എ എ റഹിം പറഞ്ഞു. എസ്‌എഫ്‌ഐ പ്രസിഡന്റ് ആദർശ് എം സജിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments