print edition ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: എൻഎസ്യു തമ്മിലടിയിൽ നേട്ടം എബിവിപിക്ക്

ഡൽഹി സർവകലാശാല
ന്യൂഡൽഹി : എൻഎസ്യു ഐയിലെ ചേരിപ്പോരും തർക്കവും മുതലെടുത്ത് ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മൂന്ന് കേന്ദ്രപാനൽ പോസ്റ്റ്നേടി എബിവിപി. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പോസ്റ്റുകളാണ് എബിവിപി ജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൻഎസ്യു വിമതനായ ദീപാൻശു ഷോക്കീൻ ജയിച്ചു.ഇതോടെ നാല് കേന്ദ്ര പാനൽ പോസ്റ്റിൽ ഒന്ന് പോലും എൻഎസ്യുവിന് നേടാനായില്ല.
പ്രസിഡന്റ് സ്ഥാനത്തേക്ക് എബിവിപിയുടെ യാഷ് ദബസ് 2,503 വോട്ടിനാണ് എൻഎസ്യുവിന്റെ വിജയ്ശങ്കർ മീണയെ പരാജയപ്പെടുത്തിയത്. നേരിയ വ്യത്യാസത്തിലുള്ള പരാജയത്തിന് പിന്നിൽ എൻഎസ്യുവിലെ തമ്മിലടിയാണെന്നാണ് വിലയിരുത്തൽ.
ഇൗ തർക്കമാണ് ജോയിന്റ് സെക്രട്ടറി പോസ്റ്റിലും എബിവിപിയെ സഹായിച്ചത്.
സീറ്റ് നിഷേധിച്ചതിനെ തുടർന്ന് എൻഎസ്യു നേതാവായ വിശേഷ് യാദവ് സമാജ്വാദി പാർടിയുടെ വിദ്യാർഥി വിഭാഗം സ്ഥാനാർഥിയായി മത്സരിച്ചതോടെ എൻഎസ്യുവിന്റെ വോട്ട് ഭിന്നിച്ചു. കേന്ദ്രപാനൽ പോസ്റ്റുകളിൽ എസ്എഫ്ഐ–ഐസ സഖ്യത്തിന്റെ സ്ഥാനാർഥികൾ നല്ല പ്രകടനംനടത്തി. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എസ്എഫ്ഐയുടെ സ്റ്റാൻസിൻ ഡെസ്ക്യോങ്ങ് 8734 വോട്ടും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ബി പാരിജാത് 6000ത്തോളം വോട്ടും നേടി. ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ ഭാസ്കരാചാര്യ, സാകിർ ഹുസൈൻ , മിറാൻഡ ഹൗസ് കോളേജുകളിൽ എസ്എഫ്ഐ സ്ഥാനാർഥികൾ പ്രധാന സ്ഥാനങ്ങളിൽ ജയിച്ചിരുന്നു.








0 comments