ഡൽഹിയെ വലച്ച് പൊടിക്കാറ്റ്: വിവിധയിടങ്ങളിൽ റെഡ് അലർട്ട്

photo credit: X
ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ വലച്ച് ശക്തമായ പൊടിക്കാറ്റ്. കാറ്റ് ശക്തമായതിനാൽ ഡൽഹിയിൽ വിവിധയിടങ്ങളിൽ ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചു. വെള്ളി വൈകിട്ട് മുതലാണ് നഗരത്തിൽ ശക്തമായ പൊടിക്കാറ്റ് വീശിയത്. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. റോഡിലേക്ക് മരങ്ങൾ വീണത് ഗതാഗത തടസമുണ്ടാക്കി. വാഹനങ്ങൾക്ക് മുകളിലേക്ക് മരക്കൊമ്പുകളും പോസ്റ്റുകളും ഒടിഞ്ഞുവീണു. നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര വീണ് മൂന്ന് പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.
പൊടിക്കാറ്റിനു പുറമേ മൂടൽമഞ്ഞ് വ്യാപകമായതും ജനജീവിതം ദുസ്സഹമാക്കി. മൂടൽമഞ്ഞിന് ശക്തി കൂടിയത് വിമാനസർവീസുകളെയടക്കം ബാധിച്ചെന്നാണ് വിവരം. ഡൽഹിയിലേക്കുള്ള ചില വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. വരുന്ന മണിക്കൂറുകളിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഡൽഹിക്കു പുറമെ യുപിയിലെ നോയിഡ, ഗാസിയാബാദ്, രാജസ്ഥാനിലെ ജയ്പൂർ, ഹരിയാനയിലെ ഗുരുഗ്രാം എന്നിവിടങ്ങളിലും വെള്ളിയാഴ്ച വൈകിട്ട് പൊടിക്കാറ്റ് വീശിയടിച്ചു. പലയിടങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.










0 comments