നടൻ ആദിത്യ റോയ് കപൂറിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ യുവതി പിടിയിൽ

മുംബൈ : ബോളിവുഡ് നടൻ ആദിത്യ റോയ് കപൂറിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ ദുബായ് വനിത പിടിയിൽ. നടനെ കാണണമെന്ന് ആവശ്യമുന്നയിച്ചാണ് ഇവർ വീട്ടിലേക്ക് അതിക്രമിച്ചുകയറിയത്. മുംബൈ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് വസ്ത്രങ്ങളും സമ്മാനങ്ങളും നൽകാനെന്നു പറഞ്ഞാണ് യുവതി നടന്റെ ബാന്ദ്രയിലെ വീട്ടിലെത്തിയത്. വീട്ടിലെ ജീവനക്കാർ ആദ്യം പ്രവേശനം നിഷേധിച്ചെങ്കിലും പിന്നീട് നടനുമായുള്ള കൂടിക്കാഴ്ച ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതോടെ അകത്തേക്ക് കയറ്റിവിടുകയായിരുന്നു.
പുറത്തുപോയിരുന്ന ആദിത്യ റോയ് കപൂർ തിരിച്ചെത്തിയപ്പോഴാണ് മീറ്റിങ് ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നും യുുവതിയെ അറിയില്ലെന്നും പറഞ്ഞത്. ഇതിനിടെ നടന്റെ അടുത്തേക്ക് എത്താൻ ശ്രമിച്ച യുവതിയെ ജീവനക്കാർ തടഞ്ഞു. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. താൻ നടന്റെ ആരാധികയാണെന്നും നടനൊപ്പം നിൽക്കാനായാണ് വീട്ടിലെത്തിയതെന്നുമാണ് യുവതി പറഞ്ഞത്. ബിഎൻഎസ് സെക്ഷൻ 331(1) പ്രകാരം അതിക്രമിച്ചു കയറിയതിനാണ് ഇവർക്കെതിരെ കേസെടുത്തതെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഖാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിന് ഒരു പുരുഷനെയും സ്ത്രീയെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാന്ദ്രയിലെ (വെസ്റ്റ്) ഗാലക്സി അപ്പാർട്ട്മെന്റിലാണ് ഇവർ പല തവണ അതിക്രമിച്ചുകടക്കാൻ ശ്രമിച്ചത്.










0 comments