പണമില്ലെന്ന് പറയരുത്, സർക്കാർ നടത്തിയത് എണ്ണമറ്റ ക്ഷേമപദ്ധതികൾ; വിജയ്ക്ക് മറുപടിയുമായി സ്റ്റാലിൻ

എം കെ സ്റ്റാലിന്‍, വിജയ്
ചെന്നൈ: അധികാരമേറ്റത്തിന് പിന്നാലെ മുൻ സർക്കാരിനെതിരെ മുഖ്യമന്ത്രി വിജയ് നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. അധികാരത്തിലെത്തി തുടക്കത്തിൽത്തന്നെ സർക്കാരിന്റെ കൈവശം പണമില്ലെന്ന് പറഞ്ഞു തുടങ്ങരുതെന്നും ജനങ്ങൾക്ക് മികച്ചത് നൽകാൻ മനസ്സും ഭരണശേഷിയുമാണ് വേണ്ടതെന്നും സ്റ്റാലിൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
സത്യപ്രതിജ്ഞ ചടങ്ങില്‍ വിജയ് പ്രസംഗത്തിൽ പറഞ്ഞ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് സ്റ്റാലിന്‍റെ കുറിപ്പ്. മുൻ സർക്കാർ 10 ലക്ഷം കോടി രൂപയുടെ കടം വരുത്തിവെച്ചു എന്ന വിജയ്‌യുടെ ആരോപണം ശരിയല്ല. ഫെബ്രുവരിയിലെ ബജറ്റിൽതന്നെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പ്രായോഗികമായ വാഗ്ദാനങ്ങൾ മാത്രമേ നൽകാവൂ. വോട്ട് ചെയ്ത ജനങ്ങളെ വീണ്ടും കബളിപ്പിക്കാനും വിഷയം വഴിതിരിച്ചുവിടാനും ശ്രമിക്കരുത്. കോവിഡും പ്രളയവും പോലുള്ള നിരവധി പ്രശ്നങ്ങൾക്കിടയിലും, കേന്ദ്ര ബിജെപി സർക്കാരിന്റെ അവഗണനകൾക്കിടയിലും കഴിഞ്ഞ അഞ്ചുവർഷം ജനങ്ങൾക്കായി എണ്ണമറ്റ ക്ഷേമപദ്ധതികൾ നടപ്പിലാക്കി.
പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രമേ നൽകൂ എന്നുപറഞ്ഞ് അധികാരത്തിൽ വന്ന താങ്കൾ ഇപ്പോൾ ഭരണനിർവഹണത്തിലേക്ക് ചുവടുവെക്കുകയാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എങ്ങനെ നിറവേറ്റാം എന്നതിനെക്കുറിച്ചുള്ള സൂക്ഷ്മമായ കാര്യങ്ങൾ താങ്കളും ഉടൻ പഠിക്കും. ഇതെല്ലാം നിറവേറ്റാനാവട്ടെയെന്നും സ്റ്റാലിൻ മുഖ്യമന്ത്രിയെ ആശംസിക്കുകയും ചെയ്തു.











0 comments