മോദിയെ വീണ്ടും തള്ളി
ഇന്ത്യ–പാക് യുദ്ധം നിര്‍ത്തിച്ചത് താനെന്ന് ട്രംപ്

വാഷിങ്‌ടൺ
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോൺസംഭാഷണം നടത്തി മണിക്കൂറുകൾക്കകമാണ് വൈറ്റ്ഹൗസില്‍ ട്രംപ് തന്റെ വാദം ആവർത്തിച്ചത്.
"രണ്ട് പ്രധാന ആണവ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഞാൻ നിർത്തി. അത് ജനങ്ങൾക്ക് അറിയാം. എനിക്ക് പാകിസ്ഥാനെ ഇഷ്ടമാണ്. മോദി അത്ഭുതകരമായ മനുഷ്യനാണെന്ന് ഞാൻ കരുതുന്നു. ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. ഞങ്ങൾ ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ പോകുന്നു. പക്ഷേ ഞാനാണ് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള യുദ്ധം നിർത്തിയത്’–- ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുദ്ധം നിർത്തുന്നതിൽ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് സൈനികമേധാവി അസിം മുനീർ വളരെയധികം സ്വാധീനം ചെലുത്തിയെന്നും അതിനാലാണ് വൈറ്റ്‌ഹൗസിൽ വിരുന്നിന് ക്ഷണിച്ചതെന്നും ട്രംപ് പറഞ്ഞു. ട്രംപുമായി ഏകദേശം 35 മിനിറ്റ് നീണ്ട ഫോൺസംഭാഷണത്തിൽ, ഇന്ത്യ മധ്യസ്ഥത ഒരിക്കലും സ്വീകരിക്കില്ലെന്നും പാകിസ്ഥാന്റെ അഭ്യർഥനപ്രകാരമാണ് ഇന്ത്യ വെടിനിർത്തൽ ചർച്ചക്ക് മുതിര്‍ന്നതെന്നും മോദി പറഞ്ഞതായി വിദേശമന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിയാണ് വെടിനിർത്താന്‍ ഇടപെട്ടെന്ന് ട്രംപ് ആവർത്തിച്ചത്.










0 comments