Deshabhimani

പ്രായപൂർത്തിയായ മകളെ മാതാപിതാക്കൾക്കൊപ്പം താമസിക്കാന്‍ നിര്‍ബന്ധിക്കരുത്: അലഹബാദ് ഹൈക്കോടതി

Allahabad high court.jpg
വെബ് ഡെസ്ക്

Published on Oct 06, 2026, 10:58 AM | 1 min read

പ്രയാഗ്‌രാജ്: പ്രായപൂർത്തിയായ മകളെ സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി തങ്ങളോടൊപ്പം താമസിക്കാൻ മാതാപിതാക്കൾ നിർബന്ധിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. മകളെ മാതാപിതാക്കൾക്കൊപ്പം തിരിച്ചയക്കാൻ ഹേബിയസ് കോർപ്പസ് നിയമം ഉപയോ​ഗിക്കരുതെന്നും കോടതി നിരീക്ഷിച്ചു.


പ്രായപൂർത്തിയായ വ്യക്തിക്ക് എവിടെ, ആരോടൊപ്പം താമസിക്കണമെന്ന് തീരുമാനിക്കാൻ അവകാശമുണ്ട്. നിയമവിരുദ്ധ തടങ്കൽ ഉണ്ടെങ്കിൽ മാത്രമാണ് ഹേബിയസ് കോർപ്പസ് നടപടി സ്വീകരിക്കുന്നത്. മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി തീരുമാനമെടുത്തുവെന്ന കാരണത്താൽ വീട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെടാനാകില്ല. മാതാപിതാക്കൾക്ക് മകളുടെ കാര്യത്തിൽ ആശങ്കയുണ്ടാകാം. എന്നാൽ പ്രായപൂർത്തിയായ ശേഷം അവളുടെ വ്യക്തിസ്വാതന്ത്ര്യവും സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനിക്കാനുള്ള അവകാശവും അംഗീകരിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.


തന്റെ 25 വയസുള്ള മകളെ ഹേബിയസ് കോർപ്പസ് നിയമപ്രകാരം കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ കലാവതി ദേവി നൽകിയ റിട്ട് ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ഒരു വ്യക്തിയെ നിയമവിരുദ്ധമായി തടഞ്ഞുവച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ മാർഗമാണ് ഹേബിയസ് കോർപ്പസ്. അതിനെ പ്രായപൂർത്തിയായ മകളുടെ താമസസ്ഥലം മാതാപിതാക്കളുടെ ഇഷ്ടപ്രകാരം തീരുമാനിക്കാനുള്ള മാർഗമായി മാറ്റാനാവില്ല. ഇത്തരം കേസുകളില്‍ വ്യക്തിസ്വാതന്ത്ര്യത്തിനാണ് പ്രാധാന്യമെന്നും കോടതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home