ad
Deshabhimani

print edition ശിവകുമാർ ഇന്ന്‌ സത്യപ്രതിജ്ഞ ചെയ്യും

d k sivakumar

ഡി കെ ശിവകുമാർ

avatar
സ്വന്തം ലേഖകൻ

Published on Jun 03, 2026, 12:07 AM | 1 min read

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ബുധൻ പകൽ 4.05ന്‌ സത്യപ്രതിജ്ഞ ചെയ്യും. 11 മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്യുന്നുണ്ട്‌. മലയാളികളായ കെ ജെ ജോർജ്‌, യു ടി ഖാദർ എന്നിവരും പുതിയ മന്ത്രിസഭയിലുണ്ട്‌.


നിയുക്ത മുഖ്യമന്ത്രി ശിവകുമാറും നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡൽഹിയിൽ ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിലാണ്‌ മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായത്‌. 12 വീതം വിശ്വസ്‌തരുടെ പേരുകളാണ്‌ ഇരുവരും മുന്നോട്ടുവെച്ചത്‌. കർണാടകത്തിൽ മുഖ്യമന്ത്രിയടക്കമ 34 അംഗ മന്ത്രിസഭ രൂപീകരിക്കാം. ശേഷിക്കുന്ന മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ ചർച്ചകൾ തുടരും.


സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയും മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക്‌ ഖാർഗെയും പുതിയ മന്ത്രിസഭയിലുണ്ട്‌. മുതിർന്ന നേതാക്കളായ ജി പരമേശ്വര, സതീഷ്‌ ജർക്കിഹോളി, എം ബി പാട്ടീൽ, രാമലിംഗ റെഡ്ഡി, ഇ‍ൗശ്വർ ഖാന്ദ്രെ എന്നിവരും ഉൾപ്പെട്ടതായാണ്‌ റിപ്പോർട്ട്‌. രൂപ ശശിധർ, ശിവരാജ്‌ തങ്കാദ്‌ഗി എന്നിവരെയും പരിഗണിച്ചിട്ടുണ്ട്‌.


കോട്ടയം ചിങ്ങവനം സ്വദേശിയായ ജോർജ്‌, സിദ്ധരാമയ്യ സർക്കാരിലും മന്ത്രിയായിരുന്നു. 1960കളിൽ കുടകിലേക്ക്‌ കുടിയേറിയ ശേഷമാണ്‌ രാഷ്ട്രീയപ്രവർത്തനത്തിലേക്ക്‌ കടന്നത്‌. ബംഗളൂരു സർവ്വജ്‌ഞനഗർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്‌. മുൻകാല കോൺഗ്രസ്‌ സർക്കാരുകളിലും ആഭ്യന്തരം ഉൾപ്പെടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്‌തിരുന്നു.


സിദ്ധരാമയ്യ സർക്കാരിൽ സ്‌പീക്കറായിരുന്ന യു ടി ഖാദറിന്റെ കുടുംബവേരുകൾ കാസർകോഡ്‌ ഉപ്പളയിലാണ്‌. മംഗലാപുരം മണ്ഡലത്തിൽനിന്ന്‌ അഞ്ചുവട്ടം എംഎൽഎയായി.


വസതി ഒഴിയാതെ സിദ്ധരാമയ്യ


ബംഗളൂരു: കസേര നഷ്‌ടപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയാതെ സിദ്ധരാമയ്യ. ഡി കെ ശിവകുമാർ ചുമതലയേറ്റാലും സാധാരണയായി മുഖ്യമന്ത്രിമാർക്ക്‌ അനുവദിക്കാറുള്ള ‘കാവേരി’ ബംഗ്ലാവിൽ സർക്കാർ കാലാവധി തീരുംവരെ സിദ്ധരാമയ്യതന്നെ തുടരും. ഒ‍ൗദ്യോഗിക വസതിയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ശിവകുമാർ വഴങ്ങുകയായിരുന്നു. തൽക്കാലം സ്വന്തം വീട്ടിലാകും ശിവകുമാറിന്റെ താമസം. പിന്നീട് മറ്റൊരു പുതിയ സർക്കാർ വസതിയിലേക്ക് മാറും.


2021-ൽ ബിജെപി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചപ്പോഴും സമാനമായ രീതിയിൽ ഔദ്യോഗിക വസതിയിൽ തുടർന്നിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home