ad
Deshabhimani

ഞാൻ ഒരു കലാകാരനാണ്, രാഷ്ട്രീയക്കാരനല്ല; സിജെപിക്കും സർക്കാരിനും 'മുബാറക്' പറഞ്ഞ് ദിൽജീത് ദോസാഞ്ച്

diljit dosanj
വെബ് ഡെസ്ക്

Published on Jul 02, 2026, 02:48 PM | 2 min read

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ സിജെപി നടത്തുന്ന പ്രതിഷേധത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് പ്രശസ്ത ഗായകൻ ദിൽജീത് ദോസാഞ്ച്. തന്നെയൊരു രാഷ്ട്രീയക്കാരനായി കാണരുതെന്നും ഇത്തരം കാര്യങ്ങളിൽ നിന്ന് തന്നെ മാറ്റിനിർത്തണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.


സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണയായി പ്രതികരിക്കാറുള്ള വ്യക്തിയാണ് ദിൽജീത് ദോസാഞ്ച്. മുൻപ് നടന്ന കർഷക പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒപ്പം തന്റെ സംഗീത പരിപാടികൾ സ്വന്തം പ്രചാരണങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിച്ച വിഘടനവാദികൾക്കെതിരെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ജന്തർ മന്തറിൽ നടക്കുന്ന പുതിയ പ്രതിഷേധത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു ആരാധകൻ ചോദിച്ചപ്പോഴാണ് രാഷ്ട്രീയ കാര്യങ്ങളിൽ നിന്ന് തന്നെ അകറ്റി നിർത്താൻ അദ്ദേഹം ആവശ്യപ്പെട്ടത്.


കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം ലൈവിലൂടെ ആരാധകരുമായി സംസാരിക്കുകയും അവരുടെ സന്ദേശങ്ങൾക്ക് മറുപടി നൽകുകയുമായിരുന്നു ദിൽജീത്. ഇതിനിടയിലാണ് ഒരു ആരാധകൻ പഞ്ചാബി ഭാഷയിൽ ജന്തർ മന്തറിലെ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചത്. "എന്ത് പ്രതിഷേധമാണ് ജന്തർ മന്തറിൽ നടക്കുന്നത്? സഹോദരാ, എന്നെ ഇത്തരം പ്രതിഷേധങ്ങളിൽ നിന്നെല്ലാം ദൂരേക്ക് മാറ്റിനിർത്തുക. ഞാൻ ഒരു കലാകാരനാണ്, രാഷ്ട്രീയക്കാരനല്ല". എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


"നിങ്ങൾ എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല. നോക്കൂ, എല്ലാ കാര്യങ്ങളും ശരിയാക്കാൻ കഴിയില്ല. അവിടെ ആരാണോ പ്രതിഷേധിക്കുന്നത്, അവർക്കും എന്റെ ആശംസകൾ. ഇത് ആർക്കെതിരെയാണോ നടക്കുന്നത്, അവർക്കും എന്റെ ആശംസകൾ. എനിക്ക് ഇതിനെക്കുറിച്ച് കൃത്യമായ ഒരു വിവരവുമില്ല". ദിൽജീത് പറഞ്ഞു.


ദിൽജീത് ദോസഞ്ചും രാഷ്ട്രീയവും


2020-ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക ബില്ലുകൾക്കെതിരെ നടന്ന സമരത്തിന് ദിൽജീത് വലിയ പിന്തുണ നൽകിയിരുന്നു. ഇത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം മെയ് മാസത്തിൽ ഒരു കൂട്ടായ്മ പരസ്യമായി അദ്ദേഹത്തോട് രാഷ്ട്രീയത്തിലേക്ക് വരാൻ ആവശ്യപ്പെട്ടപ്പോൾ, താൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് ദിൽജീത് വ്യക്തമാക്കിയിരുന്നു. "ജനങ്ങളെ വിനോദിപ്പിക്കുക എന്നതാണ് എന്റെ ജോലി. എന്റെ ഈ മേഖലയിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്, വളരെ നന്ദി" എന്നായിരുന്നു അന്ന് അദ്ദേഹം എക്സിൽ കുറിച്ചത്.


എന്താണ് സിജെപി പ്രതിഷേധം?


ഡിജിറ്റൽ ഇടങ്ങളിൽ പരിഹാസ രൂപേണയുള്ള ഉള്ളടക്കങ്ങൾ പങ്കുവെച്ചുകൊണ്ട് തുടങ്ങിയ കൂട്ടായ്മയാണ് സിജെപി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 20 മുതൽ ഇവർ ജന്തർ മന്തറിൽ പ്രതിഷേധം നടത്തിവരികയാണ്.


തങ്ങളുടെ സമരം വിദ്യാഭ്യാസ വിഷയങ്ങളിൽ മാത്രം ഒതുങ്ങില്ല എന്നാണ് കൂട്ടായ്മയുടെ സ്ഥാപകനായ അഭിജീത് ദിപ്കെ പറയുന്നത്. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണങ്ങൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് കാര്യങ്ങളിലെ ഉത്തരവാദിത്തമില്ലായ്മകൾക്കെതിരെയും വരും ദിവസങ്ങളിൽ പ്രതിഷേധം ഉയർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home