'ഇത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം': ധ്രുവ് റാഠി

ബംഗളൂരു: രാജ്യത്ത് നടക്കുന്നത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് യൂട്യൂബർ ധ്രുവ് റാഠി. വിവിധ പോളിംഗ് സ്റ്റേഷനുകളിലെ എസ്ഐആർ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുന്ന തെളിവുകൾ തന്റെ പക്കലുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്ന് സുതാര്യതയോ ഉത്തരവാദിത്തമോ ഇല്ല എന്നും ധ്രുവ് റാത്തി പറഞ്ഞു.
എസ്ഐആർ നടപടിയിലൂടെ തെരഞ്ഞെടുപ്പ് കമീഷൻ രാജ്യത്തെയാണ് അപമാനിച്ചതെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പറഞ്ഞു. ജനങ്ങൾ ആരെ തെരഞ്ഞെടുക്കണം എന്ന് തീരുമാനിക്കുന്നതിന് പകരം സർക്കാർ വോട്ട് ചെയ്യേണ്ടവരെ തീരുമാനിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു.
ഇത് കേവലം വോട്ടുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയമല്ല. മറിച്ച് പൗരന്മാരുടെ അന്തസ്സിനും അവകാശങ്ങൾക്കും നേരെയുള്ള കടന്നുകയറ്റമാണ്. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജീവിച്ചിരിക്കുന്നവരെ മരിച്ചവരായി പ്രഖ്യാപിക്കുന്നത് ജനാധിപത്യത്തിന്റെ മരണമാണെന്ന് കോക്രോച്ച് ജനതാ പാർടി സ്ഥാപകൻ അഭിജീത്ത് ദീപ്കെ പറഞ്ഞു. നേരത്തെ താമസിച്ചിരുന്ന സ്ഥലത്തുതന്നെ താമസിച്ചിട്ടും ചിലരെ 'താമസം മാറിയവർ', 'സ്ഥലത്തില്ലാത്തവർ' (absent) എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരുന്നത്. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ അനുഭവങ്ങൾ കേൾക്കുക എന്നതായിരുന്നു 'ജനകീയ ട്രൈബ്യൂണൽ' സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്നും ദീപ്കെ കൂട്ടിച്ചേർത്തു.
ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കവെയാണ് ധ്രുവ് റാഠിയും, പ്രകാശ് രാജും, അഭിജീത്ത് ദീപ്കെയും ഗ്യാനേഷ് കുമാറിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചത്. എസ്ഐആറിലൂടെ കരട് വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ട നിരവധി പേർ പ്രതിഷേദത്തിൽ പങ്കെടുത്തു.








0 comments