ad
Deshabhimani

ലൈസൻസ് ഇല്ലാതെ ഥാർ വാടകയ്‌ക്കെടുത്ത് 19 കാരന്റെ അഭ്യാസം; മൂന്ന് പേർക്ക് പരിക്ക്

Thar.jpg
വെബ് ഡെസ്ക്

Published on Dec 27, 2025, 11:27 AM | 1 min read

ന്യൂഡൽഹി: വീട്ടുകാർ കാണാതെ വാടകയ്‌ക്കെടുത്ത മഹീന്ദ്ര ഥാർ ഓടിച്ച് കൗമാരക്കാരൻ റോഡിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പെട്ടെന്ന് കുടുംബാംഗങ്ങളെ കണ്ടതോടെ പരിഭ്രമിച്ച വിദ്യാർത്ഥി അമിതവേഗതയിൽ വാഹനം ഓടിക്കുകയും വഴിയിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നു.


ഡൽഹിയിലെ ഗീത കോളനി മേഖലയിലാണ് സംഭവം. ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്. സുഹൃത്തുക്കൾക്കൊപ്പം കറങ്ങാനായി വാടകയ്‌ക്കെടുത്ത ഥാറുമായി പോകുന്നതിനിടെയാണ് യാദൃശ്ചികമായി വിദ്യാർത്ഥി തന്റെ കുടുംബാംഗങ്ങളെ കണ്ടത്.


വീട്ടുകാർ വഴക്ക് പറയുമെന്ന പേടിയാൽ പെട്ടെന്ന് വണ്ടി വെട്ടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കാറുകളിലും ഇരുചക്ര വാഹനങ്ങളിലുമാണ് ഥാർ ഇടിച്ചു കയറിയത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വിവരം.


ആളുകൾ ഓടിക്കൂടിയതോടെ വാഹനം ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


കൗമാരക്കാരനെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിനും ലൈസൻസ് ഇല്ലാതെ ഡ്രൈവ് ചെയ്തതിനും പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്തവർക്കും ലൈസൻസ് ഇല്ലാത്തവർക്കും വാഹനം വാടകയ്ക്ക് നൽകുന്ന ഏജൻസികൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home